ആലപ്പുഴ: തങ്ങളുടെ മുന്നറിയിപ്പുകൾ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻഎച്ച്എഐ) അവഗണിച്ചതിനാലാണ് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതെന്ന് ജലഅതോറിറ്റി. നിർമ്മാണം തുടങ്ങുംമുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന് നിർദേശിച്ചിരുന്നു എന്നും ഇക്കാര്യം എൻഎച്ച്എഐ കരാറുകാരൻ ഗൗരവമായി എടുത്തില്ലെന്നുമാണ് ജലഅതോറിറ്റി എൻജിനീയർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.
ഇനിയും അഞ്ചിടങ്ങളിൽ ഇത്തരത്തിൽ വൻ അപകട സാദ്ധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന മുന്നറിയിപ്പും നൽകി. പദ്മാക്ഷി കവല, വയലാർ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് അപകസാദ്ധ്യത ഏറെയുള്ളത്.
നിർമ്മാണം പൂർത്തിയായ ദേശീയപാത 66ൽ ചേർത്തല പതിനൊന്നാം മൈലിൽ കഴിഞ്ഞദിവസമാണ് കുടിവെള്ളപൈപ്പ് പൊട്ടി വൻ ഗർത്തം രൂപപ്പെട്ടത്. പൈപ്പ് പൊട്ടിയതുമൂലം മണ്ണിലുണ്ടായ സമ്മർദമാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. സമാന രീതിയിൽ പ്രശ്നസാദ്ധ്യതയുള്ള അഞ്ചിടങ്ങളിൽ ദേശീയ പാതാ അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും.
എന്നാൽ റോഡിന്റെ നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. നാല് മീറ്ററോളം ആഴത്തിലാണ് ഗർത്തം രൂപപ്പെട്ടത്. അവിടെ തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റുമിട്ട് ജല അതോറിറ്റി മൂടിയിരുന്നു. ജില്ലാ കളക്‌ടറുടെ നിർദേശപ്രകാരമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
അതേസമയം, പൊട്ടിയ പൈപ്പ് നേരത്തേ തന്നെ മാറ്റിസ്ഥാപിച്ചുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. താൽക്കാലിക മാർഗമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിനായി കായലിലെ എക്കൽ മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തുവരാതിരിക്കാനാണ് ആരും അറിയാതെ പുലർച്ചെ കോൺട്രാക്‌ടർമാരെക്കൊണ്ട് റോഡ് കോൺക്രീറ്റ് ചെയ്യിപ്പിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇന്നലെ റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനാണ് റോഡിൽ കുഴിയുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. ആഴത്തിലുള്ള കുഴി വൻ അപകടങ്ങൾ വരുത്തിവച്ചേനെ. യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പെടുന്ന പ്രതിഷേധക്കാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |