
അരനൂറ്റാണ്ട് പിന്നിട്ട സ്വാർത്ഥകമായൊരു കാവ്യ ജീവിതത്തിന്റെ ഉടമയാണ് അടുതല ജയപ്രകാശ്. അദ്ദേഹത്തിന്റെ ഇരുപത്തിയാറാമത്തെ കാവ്യപുസ്തകം 'കമ്യൂണിസത്തിന് ഒരു ഹൃദയ ശസ്ത്രക്രിയ"ഭാഷയും അവതരണ രീതിയും പ്രമേയവും കൊണ്ട് വ്യത്യസ്തമാകുന്നു.
രചനയിലും കർമ്മവഴികളിലും ഇടതുപക്ഷത്തോടു കാമിച്ചും കലഹിച്ചും സഞ്ചരിച്ചിരുന്ന കവിക്ക്, കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രയോക്താക്കൾ ധാർമ്മികതയും സത്യസന്ധതയും വെടിഞ്ഞ് സ്വാർത്ഥ താല്പര്യ സംരക്ഷകരായി മാറുന്നതിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമാണ് അക്ഷരങ്ങൾ. അച്യുതനക്ഷത്രം മുതൽ നിസ്വം വരെയുള്ള നാല്പത്തിയേഴു കവിതകൾ. അച്യുതനക്ഷത്രമെന്നത് പേര് ധ്വനിപ്പിക്കും പോലെ വി.എസ് അച്യുതാനന്ദനുള്ള സ്മരണാഞ്ജലിയാണ്.
ഞങ്ങടെ ചങ്കിലെ ചെമ്പനീർപ്പൂവേ
ഞങ്ങടെ നെഞ്ചിലെ ചെങ്കതിർക്കൂമ്പേ
ഞങ്ങടെയുള്ളിലെ ചെങ്കനൽ ജ്വാലേ
ഞങ്ങടെയുണ്മതൻ ചെമ്മുകിൽച്ചേലേ..
വി.എസ് തെളിച്ചതും നയിച്ചതുമായ സമരവഴികളിൽ നിന്നുള്ള കുറ്റകരമായ കുതറി മാറലിനെതിരെയുള്ള അടങ്ങാത്ത അമർഷത്തിന്റെ ആളിക്കത്തലാണ് കമ്മ്യൂണസത്തിന് ഒരു ഹൃദയ ശസ്ത്രക്രിയ.
ഉറച്ചനിലപാടുകളിൽ നിസ്തന്ദ്ര നിലീനനായി കാവ്യരചനയുടെ അരനൂറ്റാണ്ടു പിന്നിടുന്ന അടുതല ജയപ്രകാശിന്റെ കാവ്യവഴികളിലെ ദീപസ്തംഭമായി കാലം അടയാളപ്പെടുത്തുന്ന കൃതിയായിരിക്കും 'കമ്യൂണിസത്തിന് ഒരു ഹൃദയശസ്ത്രക്രിയ".
പ്രത്യാശ തൻതുള്ളി വെളിച്ചവു-
മിധാത്രിയിങ്കൽ കെട്ടുപോയവർ
ജീവന്റെ തിരികൾ തെളിക്കുവാൻ
കോവിഡുകാലത്തു തീമാരികൾ...
എന്ന് തുടങ്ങുന്ന ആശമാർക്കൊരു ഗീതകം എന്ന കവിത ആശമാരുടെ വേതന വർദ്ധനവുമായി ബന്ധപ്പെട്ട സമരത്തോട് മുഖം തിരിച്ചു നിന്ന ഭരണകൂടത്തിന് മുഖത്ത് കൊടുക്കുന്ന അടിയാണ്.
അനഭിമതൻ, സുഖദാസ്, കുത്തക, ധർമ്മടം തുടങ്ങി ആഴത്തിൽ വായിക്കാനും അതിലേറെ വിമർശിക്കാനും മുൻവിധികളില്ലാതെ തെരഞ്ഞെടുക്കാനുമുള്ള നല്ല പുസ്തകം. മെലിൻഡ ബുക്സ് ആണ് പ്രസാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |