SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ഫിറ്റ്നസില്ലാത്ത കൊയ്ത്ത് യന്ത്രങ്ങൾ പുഞ്ചക്കൊയ്ത്തിന് വെല്ലുവിളി

koythu

ആലപ്പുഴ : ഫിറ്റ്നസ് ഇല്ലാത്ത കൊയ്ത്ത് യന്ത്രങ്ങൾ പുഞ്ചകൃഷിയുടെ കൊയ്ത്തിന് എത്തിച്ചത് കർഷകർക്ക് വെല്ലുവിളിയാകുന്നു. ആവശ്യത്തിലധികം സമയമെടുക്കുന്നതും നെല്ലിനൊപ്പം പതിരുംകൂടി കലരുന്നതുമാണ് ഈ മെഷീനുകളുടെ ഉപയോഗത്തിലൂടെ ഉണ്ടാകുന്നത്.

കൊയ്ത്തിന് രജിസ്ട്രേഷനും ഫിറ്റ്‌നസുമുള്ള യന്ത്രങ്ങൾ എത്തിക്കുമെന്നായിരുന്നു കളക്ടറേറ്റിൽ കൂടിയ കർഷകരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും യോഗത്തിലെ ധാരണ. എന്നാൽ ഈ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു.

സീസണിൽ ആദ്യം പുഞ്ചകൃഷിയിറക്കിയ ചമ്പക്കുളം, രാമങ്കരി കൃഷിഭവൻ പരിധികളിലെ പാടങ്ങളിലാണ് കഴിഞ്ഞദിവസം കൊയ്ത്ത് ആരംഭിച്ചത്. എടത്വ കൃഷിഭവൻ പരിധിയിലെ പട്ടത്താനം പാടശേഖരത്തിൽ കൊയ്ത്തിന് പതിവിലും കൂടുതൽ സമയം വേണ്ടി വന്നതും നെല്ലിൽ പതിരിന്റെ തോത് കൂടിയതുമാണ് മെഷീനുകളുടെ ഗുണനിലവാരം ചോദ്യംചെയ്യാൻ ഇടയാക്കിയത്.

തരക്കേടില്ലാത്ത വിളവാണ് ലഭിച്ചതെന്നിരിക്കെ നെല്ലിൽ പതിരിന്റെ തോത് കൂടിയാൽ അതിന്റെ പേരിൽ ചോദിക്കുന്ന കിഴിവ് നൽകാൻ കർഷകൻ നിർബന്ധിതനാകും. രണ്ടുവർ‌ഷമായി നെല്ലുവിലയിൽ വർദ്ധനവില്ലാതിരിക്കുകയും കൂലി കൂട്ടുകയും ചെയ്ത സാഹചര്യത്തിൽ അനാവശ്യമായി കിഴിവ് നൽകാനാകില്ലെന്നാണ് കർഷകരുടെ നിലപാട്. യന്ത്രങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസും ഉദ്യോഗസ്ഥർ ഉറപ്പാക്കുന്നതിലൂടെയേ പ്രശ്നം പരിഹരിക്കാനാകുകയുള്ളൂ.

കിഴിവ് കൂട്ടാനുള്ള തന്ത്രം

1. ഗുണനിലവാരമുള്ള മെഷീനുകൾ ഉറപ്പാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയാത്തതാണ് പ്രശ്നത്തിന് പിന്നിൽ

2. ഏജന്റുമാരുട‌െ ഇടപെടലിലൂടെ തമിഴ്നാട്ടിൽ നിന്നാണ് ഫിറ്റ്നസില്ലാത്ത മെഷീനുകളുടെ വരവ്.

3. സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞനിരക്കിൽ മെഷീനുകൾ കൊയ്ത്തിന് എത്തിക്കുനന്തും കർഷകരിൽ സംശയത്തിനിടയാക്കുന്നു

4. മില്ലുകാരും കൊയ്ത്ത് മെഷീൻ ഏജന്റുമാരും ചേർന്നുള്ള കള്ളക്കളിയാണ് ഇതിന് പിന്നിലെന്നാണ് കർഷകരുടെ ആരോപണം

5. പതിര് കൂടുതലാണെന്ന പേരിൽ കിഴിവ് കൂട്ടാനുള്ള തന്ത്രമാണ് ഇതെന്നാണ് കർഷകരുടെ വെളിപ്പെടുത്തൽ

പതിര് നീക്കാൻ രണ്ടാൾക്ക് കൂലി

കൊയ്ത്ത് മെഷീനിൽ നിന്ന് ടാർപോളിനിലേക്ക് നെല്ല് മാറ്റുമ്പോൾ അതിനൊപ്പം തൂകി വീഴുന്ന പതിര് രണ്ടാളെ വീതം ചൂലുമായി നിർത്തി തൂത്തുമാറ്റുകയാണ് കർഷകർ. അല്ലെങ്കിൽ പതിരിന്റെ പേരിൽ തൂക്കം കുറച്ച് തങ്ങളുടെ അദ്ധ്വാനത്തിന്റെ വില മില്ലുകാർ ചൂഷണം ചെയ്യും. ഭക്ഷണമുൾപ്പെടെ രണ്ടായിരം രൂപയോളം കൂലി നൽകിയാണ് പതിരുമാറ്റുന്നത്.

കൊയ്ത്ത് യന്ത്രങ്ങളുടെ നിരക്ക്

 റോഡ് മാർഗ്ഗം എത്തിക്കാവുന്ന പാടശേഖരങ്ങളിൽ മണിക്കൂറിന് ₹2100

 ചങ്ങാടം വഴി മണിക്കൂറിന് ₹2200

വേണ്ട കൊയ്ത്ത് യന്ത്രങ്ങൾ : 400

കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ‌ തന്നെ അട്ടിമറിക്കുകയാണ്. കൊയ്ത്തിന് കൂടുതൽ സമയമെടുക്കുന്നതും പതിരുവീഴ്ചയും ചൂണ്ടിക്കാട്ടുമ്പോൾ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നു. മില്ലുകാർക്ക് ചൂഷണത്തിനുള്ള അവസരം സൃഷ്ടിക്കലാണിത്

- ലാലപ്പൻ , കർഷകൻ , ചമ്പക്കുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL