SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

വൃദ്ധൻ ജീവനൊടുക്കിയതിന് പിന്നിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് പരാതി

photo

ചേർത്തല : ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുൾപ്പെട്ട് ഗ്രാമപഞ്ചായത്തുമായി കരാറിലേർപ്പെട്ട കയർ തൊഴിലാളി ജീവനൊടുക്കിയതിന് പിന്നിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് പരാതി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മേനാശേരി ചൂപ്രത്ത് സിദ്ധാർത്ഥനാണ് (74) കഴിഞ്ഞ 18ന് വീട് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താത്കാലിക ഷെഡിൽ തൂങ്ങിമരിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ജഗദമ്മ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. ഓണത്തിനു മുന്നോടിയായി പഞ്ചായത്ത് ഓഫീസിലെത്തിയ സിദ്ധാർത്ഥനോടും ഭാര്യയോടും ഒരു ഉദ്യോഗസ്ഥൻ മോശമായി പെരുമാറി ഉടമ്പടി തിരികെ നൽകുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ഉദ്യോഗസ്ഥനെതിരായ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

താൻവന്നു നോക്കിയ ശേഷം മാത്രം വീടിന്റെ നിർമ്മാണം തുടങ്ങിയാൽ മതിയെന്നു ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നു. ഉണ്ടായിരുന്ന വീടുപൊളിച്ച് ഷീറ്റു മേഞ്ഞ ഷെഡിലായിരുന്നു വൃദ്ധദമ്പതികൾ താമസിച്ചിരുന്നത്. നിർമ്മാണാനുമതിക്കായി സ്ഥലം വന്നു നോക്കാൻ നിരവധി തവണ ഇവർ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു. രണ്ട് പെൺമക്കളുടെ വിവാഹത്തിന് ശേഷം സിദ്ധാർത്ഥനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ മറ്റു ഗുണഭോക്താക്കളും സമാനപരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിക്കും മന്ത്രി പി.പ്രസാദിനും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL