SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

അരൂർ -തുറവൂർ റോഡിൽ ടൈൽ പാകൽ ഇഴയുന്നു

അരൂർ : എലിവേറ്റഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്ന, തകർന്നുതരിപ്പണമായ അരൂർ- തുറവൂർ ദേശീയപാതയിൽ ടൈൽ പാകുന്ന ജോലികൾ ഇഴഞ്ഞുനീങ്ങുന്നത് ഗതാഗതത്തെ ബാധിക്കുന്നു. ടൈൽ വിരിക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഓണാവധിക്ക് ശേഷം ഇന്നലെ സ്കൂൾ തുറന്നതോടെ കാര്യങ്ങൾ കൈവിട്ടു. തിങ്കളാഴ്ച രാവിലെ മുതൽ മഴയും ശക്തമായത് ടൈൽ പാകൽ ജോലികളെയും ഗതാഗതത്തെയും തടസപ്പെടുത്തി.

എറണാകുളത്തേക്കുള്ള പാതയിൽ അരൂർ ക്ഷേത്രം ജംഗ്ഷൻ മുതൽ വടക്കോട്ടാണ് ഏതാനുംദിവസം മുമ്പ് ടൈൽ പാകൽ ജോലികൾ ആരംഭിച്ചത്. നാലുദിവസം പിന്നിടുമ്പോൾ മൂന്നര മീറ്റർ വീതിയിൽ കഷ്ടിച്ച് അരകിലോമീറ്റർ ദൂരത്തിലാണ് ഇതുവരെ നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് തകർന്ന് തരിപ്പണമായ ഭാഗം മെറ്റലും ചിപ്സും ഇട്ട് ഉയർത്തിയശേഷം അതിന് മീതെ കോൺക്രീറ്റ് ബ്ലോക്കുകൾ പാകുകയാണ് ചെയ്യുന്നത്.

ഒരു കിലോമീറ്ററിലധികം ദൂരം ഇനിയും കോൺക്രീറ്റ് ബ്ളോക്ക് പാകാനുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള റോഡ് ടൈൽ പാകൽ പൂർത്തിയായശേഷമാണ് ആലപ്പുഴ ഭാഗത്തേക്കുള്ള പാതയിൽ ടൈൽ വിരിക്കേണ്ടത്. നിലവിൽ കിഴക്കുഭാഗത്തെ പാതയിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത്. അരൂർ ക്ഷേത്രം ജംഗ്ഷന് തെക്ക് മാറി യൂ ടേൺ എടുത്താണ് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്നത്. ഇത് ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.

 ഹൈക്കോടതിയുടെയും കളക്ടറുടെയും ഇടപെടലിനെതുട‌ർന്ന് ദുരിതത്തിന് തെല്ല് ശമനമുണ്ടായിരുന്ന ചന്തിരൂർ- അരൂർ റോഡ് ഓണത്തിരക്ക് കഴിഞ്ഞതിന് പിന്നാലെ വീണ്ടും നാമാവശേഷമായതിനാൽ മണിക്കൂറുകളോളം ഇരുവശത്തേക്കും വാഹനങ്ങൾ ക്യൂ കിടക്കേണ്ട അവസ്ഥയാണ്

 രാവിലെയും വൈകുന്നേരവുമാണ് ഗതാഗത കുരുക്ക് രൂക്ഷം. സ്കൂൾ സമയത്ത് കാൽനടപോലും അസാദ്ധ്യം. നിർമ്മാണം തുടങ്ങിയ ശേഷം രണ്ട് ഡസനിലേറെപ്പേർ അപകടത്തിൽ മരിച്ച ഇവിടെ,​ ഹൈക്കോടതി ഇടപെടലിന് ശേഷവും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ നടപടിയുണ്ടായില്ല

അരൂർ- തുറവൂർ റോഡിലെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ റോഡിന്റെ തകർച്ച കാരണം പ്രതിസന്ധിയിലാണ്. ചെളിയും പൊടിയും കാരണം കടകൾ തുറക്കാനാകുന്നില്ല. കച്ചവടം കുറഞ്ഞു. എത്രയും റോഡ് സഞ്ചാരയോഗ്യമാക്കണം

- വ്യാപാരികൾ, അരൂർ ടൗൺ

ഭാരവാഹനങ്ങൾക്ക് നിരോധനം കർശനമാക്കും

1.അരൂർ-തുറവൂർ പാതയിൽ കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം കർശനമാക്കും 2.വാഹനങ്ങൾ തിരിയേണ്ട ഭാഗങ്ങളിൽ മൂന്ന് ഭാഷകളിലായി സൈൻ ബോർഡുകൾ സ്ഥാപിക്കും. കൂടുതൽ ഹോം ഗാർഡുകളെ വിന്യസിക്കും. ഹൈറ്റ് ബാർ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. 3.ദേശീയപാത നിർമാണം നടക്കുന്നയിടങ്ങളിൽ, പ്രത്യേകിച്ച് ബാരിക്കേഡുകൾക്കരികിലായി ആവശ്യമില്ലാത്ത നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് നീക്കും. 4.ഇതുറപ്പുവരുത്താൻ പ്രദേശത്ത് ഇന്ന് പൊലീസ്, ദേശീയപാത അധികൃതർ, മറ്റ് ഉദ്യാഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും 5.റോഡിലെ ഇന്റർലോക്ക് ചെയ്ത ഭാഗത്തിനും നടപ്പാതയ്ക്കും ഇടയിലുള്ള വിടവിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ജെ.എസി.ബി. ഉപയോഗിച്ച് വിടവ് നികത്തും. കൈയേറ്റം ഒഴിപ്പിക്കും അരൂർ-തുറവൂർ ദേശീയപാതയിൽ അഞ്ചിടങ്ങളിലെ കയ്യേറ്റങ്ങൾ പൊലീസ് സഹായത്തോടെ ഇന്ന് ഒഴിപ്പിക്കും. അരൂർ പുത്തൻതോടിലെ മാലിന്യം നീക്കി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തികളും ഉടൻ ആരംഭിക്കും. വാഹനങ്ങളുടെ ഓവർടേക്കിംഗ് നിരോധിച്ചയിടങ്ങളിൽ അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതു സംബന്ധിച്ച നിർദേശ ബോർഡുകൾ സ്ഥാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL