ആലപ്പുഴ : കരാർ കാലാവധി അവസാനിച്ചതിന്റെ പേരിൽ ആലപ്പുഴയിലും മലിനജലഭീഷണിയും നഷ്ടവും കാരണം കായംകുളത്തും കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ കാന്റീൻ അടച്ചുപൂട്ടിയത് യാത്രക്കാരെയും ജീവനക്കാരെയും ദുരിതത്തിലാക്കി. ദേശീയപാതവഴി തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ലോഫ്ളോർ, എക്സ് പ്രസ് , ഇന്റർ സ്റ്റേറ്റ് ഉൾപ്പെടെയുള്ള ബസുകൾ ജില്ലാ അതിർത്തിയായ കായംകുളം ഡിപ്പോയിലെയോ ജില്ലാ ആസ്ഥാനമായ ആലപ്പുഴ നഗരമുൾപ്പെടുന്ന ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെയോ കാന്റീനുകൾക്ക് സധീപമാണ് ഭക്ഷണത്തിനും വിശ്രമത്തിനുമായി പ്രധാനമായും നിർത്താറുള്ളത്. ചേർത്തല കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസുകളുടെ ആശ്രയമായിരുന്നു ആലപ്പുഴയിലെ കാന്റീൻ. ഇന്ത്യൻ കോഫി ഹൗസാണ് ആലപ്പുഴ ഡിപ്പോയിലെ കാന്റീൻ നടത്തിയിരുന്നത്. ഒരു വർഷത്തേക്കുള്ള നടത്തിപ്പ് കാലാവധി അവസാനിച്ചതോടെയാണ് കാന്റീന് പൂട്ടുവീണത്. പുതിയ സേവന ദാതാക്കൾക്കായി ഇ.ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് കോർപ്പറേഷൻ. ദേശീയ പാതനിർമ്മാണ ജോലികൾ പുരോഗമിക്കുന്നതുകാരണം കച്ചവടത്തിലുണ്ടായ കുറവും മലിനജലഭീഷണിയും കാരണം നടത്തിപ്പുകാരൻ കരാർ കാലാവധി അവസാനിക്കുംമുമ്പേകാൻ്റീൻ നിർത്തിയതാണ് കായംകുളത്തെ പ്രശ്നം.
ജീവനക്കാരും വലഞ്ഞു
കൃത്യമായി ശമ്പളമില്ലാത്ത കെ.എസ്. ആർ.ടി.സി ജീവനക്കാർക്ക് ന്യായവിലയ്ക്ക് ഭക്ഷണത്തിനും വെള്ളത്തിനും കാന്റീനായിരുന്നു ആശ്രയം
ചായയ്ക്കും കാപ്പിയ്ക്കുമുൾപ്പെടെയും ഭക്ഷണത്തിനും മറ്റ് കടകളെ അപേക്ഷിച്ച് വിലയിൽ ജീവനക്കാർക്കുണ്ടായിരുന്ന ഇളവും ഇല്ലാതായി
പുറത്തെ കടകളിൽ നിന്നും ആഹാരം കഴിക്കേണ്ടിവരുന്നത് ജീവനക്കാരുടെ സാമ്പത്തിക ചെലവ് വർദ്ധിക്കുന്നതിന് ഇടയാക്കി
രാത്രിയിൽ മറ്റ് ഹോട്ടലുകൾ അടച്ചാലും കാന്റീനുകളിൽ നിന്ന് ചായയും കോഫിയും ലഘുപാനീയങ്ങളും ലഭ്യമാകുമായിരുന്നു
കായംകുളത്ത് സാഹചര്യം മോശം
കായംകുളത്ത് നവീകരണത്തിനായി ഡിപ്പോ വളപ്പിൽ റോഡരികിലെ കെട്ടിടത്തിലായിരുന്നു കാന്റീൻ പ്രവർത്തിച്ചിരുന്നത്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നാണ് ഡിപ്പോയുടെയും കാന്റീനിന്റെയും കിടപ്പ്. ഡിപ്പോയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്താണ് മഴവെള്ളം ഒഴുകിപോകുന്നതിനായുളള പൊതുമരാമത്ത് വകുപ്പ് വക ഓടയുള്ളത്. മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട ഓടയിൽ കാന്റീനിൽ നിന്നുള്ള മലിനജലം കൂടി നിറഞ്ഞതോടെ ഡിപ്പോയും പരിസരവും ദുർഗന്ധത്തിലായി. അനാരോഗ്യകരമായ ചുറ്റുപാടിൽ കാന്റീൻ പ്രവർത്തിപ്പിക്കുന്നുവെന്നാരോപിച്ച് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും പലതവണ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തതാണ് കായംകുളത്തെ കാന്റീൻ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.
രണ്ട് ഡിപ്പോകളിലെയും കാന്റീൻ പുനരാരംഭിക്കുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ടെൻഡർ അംഗീകരിച്ചാലുടൻ സേവനം പുനരാരംഭിക്കും. കായംകുളത്ത് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഉൾപ്പെടെയാണ് കരാർ ക്ഷണിച്ചിരിക്കുന്നത്. രണ്ട് മാസത്തിനകം കാന്റീനുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ
- ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ്, കെ.എസ്.ആർ.ടി.സി , ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |