ആലപ്പുഴ : കുറുവസംഘത്തെ പേടിച്ച് ഉറക്കംപോയ ആലപ്പുഴക്കാരുടെ ശ്രദ്ധയ്ക്ക്, കള്ളനെ പൂട്ടാൻ ഒന്നാന്തരം വിദ്യയുമായി സായിദേവും ആരോമലും ശാസ്ത്രമേളയിലെത്തിയിട്ടുണ്ട്! ഇവരുടെ ഹോം സെക്യൂരിറ്റി അലാറത്തിന് ഒച്ചയില്ല, പക്ഷേ സ്ഥലത്തേക്ക് അതിവേഗം പൊലീസെത്തും!
കുളക്കട ജി.വി. എച്ച്. എസ് എസിലെ എട്ടാംക്ളാസ് വിദ്യാർത്ഥി
സായിദേവും പത്താംക്ളാസ് വിദ്യാർത്ഥി ആരോമൽ പി.നായരുമാണ് ഈ ഐഡിയയ്ക്ക് പിന്നിലെ മിടുക്കർ!
കള്ളൻമാരുടെ സാന്നിദ്ധ്യം വ്യക്തമായാലുടൻ ഫോണിലേക്ക് മെസേജും കോളും വരും. അലാറമില്ലാത്തതിനാൽ കള്ളൻമാർ കെണി തിരിച്ചറിയുകയുമില്ല. മൂന്ന് സെൻസർ ഉപയോഗിച്ച് കവർച്ചാസംഘത്തിന്റെ സംസാരവും നീക്കങ്ങളും റെക്കോഡ് ചെയ്യാനാവും. ഈ സമയം കൊണ്ട് പൊലീസിന്റെ സഹായംതേടാം. ആരോമൽ സ്വന്തം വീട്ടിൽ പരീക്ഷിച്ചതാണിത്. കണ്ണൂരിൽ ജോലിചെയ്യുന്ന അച്ഛന്റെയും കൊല്ലത്തെ വീട്ടിലുള്ള ആരോമലിന്റെയും ഫോൺ ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് എത്ര ഫോണിലേക്ക് വേണമെങ്കിലും സെക്യൂരിറ്റി അലാം കണക്ട് ചെയ്യാം.
മറ്റ് ചില ഉപകാരങ്ങൾ കൂടിയുണ്ട് ഈ സംവിധാനത്തിന്!
മഴയുടെ വരവറിഞ്ഞ് ഉണക്കാനിട്ട തുണികൾ ഉൾപ്പെടുന്ന സ്റ്റീൽ ബാർ സൺഷേഡിലേക്ക് സ്വയം മാറുന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.
തീപിടിത്തമുണ്ടായാൽ വീട്ടുടമസ്ഥരുടെ ഫോണിലേക്ക് അപകട മുന്നറിയിപ്പുമായി മെസേജും കോളും വരുന്നതാണ് മറ്റൊന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |