
ആലപ്പുഴ: കേരളത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും മാത്രം ഗായകരായ 'പള്ളിക്കൂടം' മ്യൂസിക്ക് ബാൻഡിന് അരങ്ങേറ്റമായി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കോർത്തിണക്കിയ മ്യൂസിക്ക് ബാൻഡാണ് സംസ്ഥാന ശാസ്ത്രോത്സവ വേദിയിൽ ആദ്യ പരിപാടി അവതരിപ്പിച്ചത്. കുട്ടികളിലെയും അദ്ധ്യാപകരിലെയും കഴിവുകൾ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒന്നര വർഷം മുമ്പാണ് പൊതുവിദ്യാലയങ്ങളിലെ ഒരുകൂട്ടം അദ്ധ്യാപകർ ചേർന്ന് ഓൺലൈൻ പള്ളിക്കൂടം ടി.വി പ്രവർത്തനം ആരംഭിച്ചത്. ഇതിലൂടെ സംഗീതാഭിരുചിയുള്ളവരെ കണ്ടെത്തി
മ്യൂസിക്ക് ബാൻഡ് രൂപീകരിക്കുകയായിരുന്നു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ബാൻഡിന്റെ അരങ്ങേറ്റമെന്ന നിർദ്ദേശം വച്ചത് മന്ത്രി സജി ചെറിയാനാണ്.
വിവിധ ജില്ലകളിൽ നിന്നുള്ളവർ ബാൻഡിന്റെ ഭാഗമാണെങ്കിലും ആലപ്പുഴ ജില്ലയിലെ അദ്ധ്യാപകരും കുട്ടികളെയും ചേർത്താണ് അരങ്ങേറ്റം കുറിച്ചത്. രണ്ടാഴ്ച നീണ്ട പരിശീലനത്തിനൊടുവിൽ ആറ് അദ്ധ്യാപകരും നാല് വിദ്യാർത്ഥികളുമാണ് ആദ്യ വേദിയിലെത്തിയത്.
ചാരുമൂട് എ.പി.എം എൽ.പി.എസ് അദ്ധ്യാപിക മായാലക്ഷ്മി, ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്ക്കൂൾ സംഗീതാദ്ധ്യാപകൻ സ്റ്റാൻലി പൂങ്കാവ്, ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്ക്കൂൾ അദ്ധ്യാപിക റാണി സുഷമ, പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ സംഗീതാദ്ധ്യാപകൻ എ.എ.സെബാസ്റ്റ്യൻ, നെടുമുടി ചെമ്പുംപുറം ഗവ.എൽ.പി സ്കൂൾ അദ്ധ്യാപകൻ ആൻഡ്രൂസ് പ്രഷി, ചാരുമൂട് വി.വി.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും പള്ളിക്കുടം ടി.വി ചീഫ് എഡിറ്ററുമായ എൽ.സുഗതൻ എന്നിവരായിരുന്ന ഗായകർ. റിയാലിറ്റി ഷോ താരങ്ങളായ താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കെ.ആർ.ദുർഗ്ഗ, ആലപ്പുഴ എസ്.ഡി.വി ഗേൾസ് പത്താം ക്ലാസ് വിദ്യാർത്ഥിനി ദിൽജീന സൂസൺ ജോൺ, ഗവ. മോഡൽ യു.പി.എസ് ചെന്നിത്തല വിദ്യാർത്ഥിനി വൈഗ രതീഷ്, വള്ളികുന്നം എ.ജി.എം.എച്ച്.എസ് വിദ്യാർത്ഥി അരുഷ എന്നിവരും വേദിയിലെത്തി. പരിമിതികളെ പാടി തേൽപ്പിച്ച കൊല്ലം ശാസ്താംകോട്ട സ്വദേശിയായ കുട്ടി ഗായകൻ ആദിത്യ സുരേഷും ബാൻഡിന്റെ ഭാഗമാണ്. അദ്ധ്യാപകൻ വള്ളികുന്നം മനോജ്കുമാറാണ് ടീം മാനേജർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |