ആലപ്പുഴ: കള്ളവോട്ടിനെ കൈയോടെ പിടിക്കാനുള്ള വിദ്യയുമായിട്ടാണ് കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ ചരിത്ര അദ്ധ്യാപകൻ മനോജ്കുമാർ എത്തിയത്. വിരലടയാളത്തിലൂടെ കള്ളവോട്ട് തടയാമെന്ന ആശയമാണ് സാമൂഹ്യശാസ്ത്രം എച്ച്.എസ്.എസ് വിഭാഗം ടീച്ചിംഗ് ഏയ്ഡിൽ അദ്ദേഹം അവതരിപ്പിച്ചത്. ഓരോ വോട്ടറുടെയും വിരലടയാളം റേഷൻ കാർഡ് മസ്റ്ററിംഗ് മോഡലിൽ വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കുന്നതാണ് ഇതിന്റെ ആദ്യപടി. വോട്ടിംഗ് കേന്ദ്രത്തിൽ തിരിച്ചറിയൽ കാർഡ് പതിക്കുന്നതിന് പകരം വിരലടയാളം പതിക്കാനുള്ള സംവിധാനമാണ് പിന്നീട് വേണ്ടത്. ഇതോടെ ആൾമാറാട്ടത്തിന്റെ
എല്ലാ വഴികളും ഒറ്റയടിക്ക് അടയ്ക്കാനാവും. ഹയർ സെക്കൻഡറിയിൽ പൊളിറ്റിക്കൽ സയൻസിലെ ഇന്ത്യൻ ജനാധിപത്യം എന്ന പാഠഭാഗത്തെ ആസ്പദമാക്കിയായിരുന്നു പ്രൊജക്ട്. സ്റ്റിൽ മോഡലാണ് അവതരിപ്പിച്ചത്. ആശയം പ്രവർത്തിപ്പിക്കാൻ പ്രത്യേകം സോഫ്റ്റ് വെയർ, വിരലടയാള സ്കാനർ, ഇലക്ട്രോണിക്ക് വിഭാഗത്തിന്റെ സാങ്കേതിക സഹായം എന്നിവ ആവശ്യമാണ്. ഏകാംഗ നാടകകലാകാരൻ കൂടിയായ മനോജ് കുമാർ, പാഠഭാഗങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികളുടെ നാടകങ്ങളും അവതരിപ്പിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |