ആലപ്പുഴ: കരൂരിൽ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങലും തുടരന്വേഷണവും രണ്ടുദിവസം വൈകിയേക്കും. കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചുമാമ്മൂടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയലക്ഷ്മിയെ (48) കൊലപ്പെടുത്തിയ കേസിന്റെ എഫ്.ഐ.ആറും കേസിന്റെ സി.ഡി ഫയലുകളും അമ്പലപ്പുഴ സ്റ്റേഷനിൽ എത്താത്തതാണ് തുടരന്വേഷണം വൈകിക്കുന്നത്.
കേസ് ഫയൽ അമ്പലപ്പുഴ പൊലീസിന് ഉടൻ കൈമാറുമെന്നായിരുന്നു കരുനാഗപ്പള്ളി പൊലീസ് അറിയിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ച വൈകുന്നേരംവരെ ഫയലുകൾ എത്തിയിട്ടില്ല. കേസ് ഫയൽ ലഭിച്ചാൽ മാത്രമേ പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ ജയചന്ദ്രനെ (53) കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനും തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കാനും കഴിയൂ. വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള സ്നേഹ ബന്ധമാണ് കൊലപാതകത്തിന് കാരണമായത്.
വിജയലക്ഷ്മിയെ കാണാതായ സംഭവത്തിൽ സഹോദരിയുടെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊലപാതകത്തിന് ജയചന്ദ്രനെ പ്രതിയാക്കി കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഓൺലൈനായി സ്റ്റേഷനിൽ നിന്നും കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും അമ്പലപ്പുഴ പൊലീസിനും അമ്പലപ്പുഴ കോടതിയിലേക്കും കൈമാറണം. കൂടാതെ കേസ് ഡയറിയും മറ്റ് തെളിവുകളും പൊലീസ് നേരിട്ട് അമ്പലപ്പുഴ സ്റ്റേഷനിലെത്തിക്കുകയും വേണം. ഇവ ലഭിച്ചശേഷം അമ്പലപ്പുഴയിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലേ അമ്പലപ്പുഴ പൊലീസിന് അന്വേഷണം ഏറ്റെടുക്കാനാകൂ. അമ്പലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാകും കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. ഇതിന് രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇപ്പോൾ കൊല്ലം ജില്ലാ ജയിലിലുള്ള ജയചന്ദ്രനെ കസ്റ്റഡിയിൽ വാങ്ങിയശേഷമേ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ആയുധവും മറവ് ചെയ്യാനുപയോഗിച്ച സാധനങ്ങളും ആഭരണങ്ങൾ വിറ്റ ജുവലറിയും പണവും മറ്റും കണ്ടെത്താനാകൂ. കൊലപാതകം നടന്ന വീട്ടിൽ കഴിഞ്ഞദിവസം പൊലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ നിന്നും വിജയലക്ഷ്മിയുടെ രക്ത സാമ്പിളുകൾ ഫോറൻസിക് സംഘത്തിന് ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |