ആലപ്പുഴ: ആലപ്പുഴ ടി.ഡി സ്കൂളിന് മുന്നിൽ സ്വകാര്യ ബസിന് പിന്നിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. റോഡിലെ ഗട്ടർ ഭാഗത്ത് വേഗത കുറച്ച സ്വകാര്യ ബസിന് പിന്നിലേക്ക് ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്ന് ദേഹത്ത് തുളച്ചുകയറിയാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. വിദ്യാർത്ഥികളായ വണ്ടാനം സ്വദേശി ഇജാസ് (12), കുതിരപ്പന്തി സ്വദേശി ദിയ (13), നീലിമ കോളേജ് വിദ്യാർത്ഥികളായ നെടുമുടി സ്വദേശി സൂരജ് രാജ് (21), പറവൂർ സ്വദേശിനി നിഖിത (18), യാത്രക്കാരായ കാഞ്ഞിരംചിറ സ്വദേശിനി ജൂബി (36), സന്ധ്യ (40), പാതിരപ്പള്ളി സ്വദേശി സന്തോഷ് (53), ബസ് ജീവനക്കാരൻ വൈശ്യംഭാഗം സ്വദേശി സൂരജ് (25), ബസ് ഡ്രൈവർ പുന്നപ്ര സ്വദേശി ഷംസുദീൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും, നാട്ടുകാരും ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിലെ ഞരമ്പിന് മുറിവുള്ളതിനാൽ സൂരജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലോറിയും ബസും സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |