ആലപ്പുഴ: ജീവനെടുക്കുന്ന അപകടങ്ങൾ നിത്യസംഭവമായിട്ടും ആലപ്പുഴ ജില്ലയിലെ ദേശീയ പാതയിൽ ഹൈവേ പൊലീസിനെ കാൺമാനില്ല. ഓച്ചിറ മുതൽ കൈചൂണ്ടിവരെയും അരൂർ മുതൽ കൊമ്മാടി വരെയും പട്രോളിംഗ് നടത്തുന്ന ഹൈവേ പൊലീസ് വാഹനങ്ങളാണ് ദേശീയ പാതയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ആറുമെഡിക്കൽ വിദ്യാർത്ഥികളുടെയും രണ്ട് ബൈക്ക് യാത്രികരുടെയും ജീവനെടുത്ത കളർകോട്, ചേർത്തല അപകടങ്ങൾക്ക് ശേഷം സംസ്ഥാനമൊട്ടാകെ പൊലീസും മോട്ടോർ വാഹനവകുപ്പും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും ആലപ്പുഴയിലെ ദേശീയപാതയിൽ ഹൈവേ പൊലീസിന്റെ നിഴൽപോലുമില്ല. യാത്രക്കാരും വ്യാപാരികളും ഉൾപ്പെടെ ദേശീയപാതയിൽ ഹൈവേ പൊലീസിന്റെ സാന്നിദ്ധ്യമില്ലെന്ന് ആവർത്തിക്കുമ്പോഴും പട്രോളിംഗ് നടത്തുന്നുണ്ടെന്നാണ് ജില്ലാ പൊലീസിന്റെ അവകാശവാദം.
ഓച്ചിറമുതൽ ആലപ്പുഴവരെയുള്ള ദേശീയപാതയിൽ ഡസനിലേറെയാണ് സ്ഥിരം അപകടമേഖലകൾ. ആലപ്പുഴ ബൈപ്പാസുൾപ്പെടെ ചേർത്തല , അരൂർ മേഖലകളും സ്ഥിരം അപകട കേന്ദ്രങ്ങളാണ്. നിർമ്മാണത്തിനായി ദേശീയപാത പലസ്ഥലത്തും പൊളിക്കുകയും അടയ്ക്കുകയും ഗതാഗതതം വഴിതിരിക്കുകയും ചെയ്ത നിലയിലുമാണ്. വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്തതോടെ വഴിവിളക്കുകളോ കാമറ നിരീക്ഷണമോ ഇല്ല. രാത്രിയിൽ ഭാരവാഹനങ്ങളും മത്സ്യവാഹനങ്ങളുമുൾപ്പെടെ ചീറിപ്പായുന്ന ഇവിടെ ദേശീയപാതയിൽ പരിശോധന പേരിനുപോലുമില്ലെന്നതാണ് വാസ്തവം.
ഇടക്കാലത്ത് ഹൈവേ പൊലീസിനെ പരിശോധനാ ചുമതലയിൽ നിന്ന് ഡി.ജി.പി ഒഴിവാക്കുകയും ചെയ്തിരുന്നു.
ജില്ലയിൽ നാല് വാഹനങ്ങൾ
1.കായംകുളം- പുനലൂർ റോഡ്, ആലപ്പുഴ - ചങ്ങനാശേരി റോഡ്, ദേശീയ പാതയിൽ ഓച്ചിറ- കൊമ്മാടി, അരൂർ- കൈചൂണ്ടി എന്നിങ്ങനെ നാല് പട്രോളിംഗ് വാഹനങ്ങളാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ജില്ലയിലുള്ളത്
2.പഴക്കമേറെയുള്ള പഴഞ്ചൻ ഇന്നോവ വാഹനങ്ങളാണ് യാത്രക്കാരുടെ സഹായത്തിനായുള്ളത്. എസ്.ഐ മാരുടെ അഭാവത്തിൽ ഗ്രേഡ് എസ്.ഐമാരുടെ നേതൃത്വത്തിലാണ് പട്രോളിംഗ്
3.വാഹനങ്ങൾക്ക് കെ.പി റോഡിൽ കായംകുളം സ്റ്റേഷനും ദേശീയപാതയിൽ കരീലകുളങ്ങര, അരൂർ,ചങ്ങനാശേരി റോഡിൽ ആലപ്പുഴ സൗത്ത് എന്നിവയായിരുന്നു ബേസ് സ്റ്രേഷനുകൾ. എന്നാൽ, ദേശീയപാത നവീകരണം ആരംഭിച്ചതോടെ തോന്നുംപടിയാണ് സർവീസ്
4. റോഡ് പണി കാരണം വാഹന പരിശോധനയ്ക്കും പാർക്കിംഗിനുമുള്ള സൗകര്യമില്ലാത്തതിനാൽ ദേശീയപാതയിൽ നിന്ന് മാറി ഡ്യൂട്ടി നിർവഹിച്ച് മടങ്ങുന്നതാണ് ഹൈവേ പൊലീസിന്റെ ഇപ്പോഴത്തെ രീതി
കളർകോട് അപകടശേഷം പോലും ദേശീയപാതയിൽ ഹൈവേ പൊലീസിനെ പരിശോധനയോ പട്രോളിംഗോ ഇല്ല. പുനരാരംഭിക്കണം.
- നൗഷാദ്, ഐസ്ക്രീം വ്യാപാരി
..................................
ഹൈവേ പൊലീസിന്റെ സാന്നിദ്ധ്യം ദേശീയപാതയിലില്ലെന്ന ആക്ഷേപം പരിശോധിക്കും. മിന്നൽ പരിശോധന ഉൾപ്പെടെ നടത്തും.
- ഡിവൈ.എസ്.പി , ജില്ലാ ക്രൈംബ്രാഞ്ച്, നോഡൽ ഓഫീസർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |