ആലപ്പുഴ : മാസങ്ങളായി മിഴിതുറക്കാത്ത ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കാനുള്ള കളക്ടറുടെ നിർദ്ദേശം ഡി.ടി.പി.സി അവഗണിച്ചു. ബീച്ച് ഫെസ്റ്റിന് മുമ്പ് ഹൈമാസ്റ്റ് ലൈറ്റുകളുടെ തകരാർ പരിഹരിക്കുമെന്ന് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കിയെങ്കിലും ഇതുവരെയും ലൈറ്റുകൾ മിഴിതുറന്നിട്ടില്ല.
ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ചിലെ പത്തോളം വഴിവിളക്കുകളിൽ മൂന്നെണ്ണമാണ് തെളിയുന്നത്. ബീച്ചിൽ നഗരസഭ, ഡി.ടി.പി.സി, ലയൺസ് ക്‌ളബ് എന്നിവരാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇവ പ്രകാശിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ ബീച്ചിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. സഞ്ചാരികളുടെ ജീവന് ഭീഷണിയായി തെരുവ് നായ ശല്യവും വർദ്ധിച്ചു. നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ബീച്ച്. പൊലീസിന്റെ പട്രോളിംഗ് കുറയുന്നതും സാമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കാരണമാകുന്നു.
നഗരത്തിലെ പ്രധാന നിരത്തുകളിൽ പലയിടത്തും വഴിവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങളായി.
. ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലാണ് ബീച്ചിന്റെ പ്രവർത്തനം. പലതവണ സഞ്ചാരികളും ജനപ്രതിനിധികളും പരാതി പറഞ്ഞിട്ടും വഴിവിളക്കുകൾ തെളിയിക്കുന്നതിനുള്ള നടപടികൾ ഒന്നും അധികൃതർ സ്വീകരിച്ചിട്ടില്ല.
കളക്ടറുടെ നിർദ്ദേശവും അവഗണിച്ചു
കടൽക്കാഴ്ച കാണാൻ പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളാണ് ആലപ്പുഴ ബീച്ചിൽ എത്തുന്നത്
ബീച്ചിൽ പ്രധാന വഴിയായ ഓപ്പൺ എയർ തിയേറ്ററിന്റെ ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് പ്രകാശിക്കുന്നത്
മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു
ഒരു ഹൈമാസ്റ്റിൽ അഞ്ച് ബൾബുകളാണ് ഉള്ളത്. പലപ്പോഴും ഒന്നോ രണ്ടോ ബൾബുകൾ മാത്രമാണ് പ്രകാശിക്കുന്നത്
മേൽപ്പാലത്തിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളിലെ പ്രകാശമാണ് ബീച്ചിൽ എത്തുന്നവർക്ക് ആശ്വാസം.
മയക്കുമരുന്ന് വില്പന
ജില്ല ഹോമിയോ ആശുപത്രിയ്ക്ക് തെക്കുഭാഗത്തെ ആളൊഴിഞ്ഞ ഭാഗങ്ങൾ മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണ്. പുതിയ സമാന്തര ബൈപ്പാസിന്റെ മേൽപ്പാലത്തിനായി നിർമ്മിച്ചിട്ടുള്ള ഗർഡറുകളുടെ മറയത്താണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതും പതിവാണ്.
ആലപ്പുഴ ബീച്ചിൽ
ആകെ ഹൈമാസ്റ്റ് ലൈറ്റുകൾ ......10
തെളിയുന്നത്..................3
വാഹന പാർക്കിംഗ് ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം ഡി.ടി.പി.സിക്ക് ലഭിക്കുന്നുണ്ട്. ബീച്ചിൽ ഡി.ടി.പി.സി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കാത്തത് പ്രതിഷേധാർഹമാണ്.
- മധു, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |