ആലപ്പുഴ : സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം ജനുവരി 10 മുതൽ ഹരിപ്പാട് നടക്കാനിരിക്കെ, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ അഴിച്ചുപണി വന്നേക്കുമെന്ന് സൂചന. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റിൽ വിരലിലെണ്ണാവുന്നവരൊഴികെ മിക്കവരും വിവിധ സ്ഥാപനങ്ങളുടെ ചെയർമാൻ പദവിയുൾപ്പെടെയുള്ള ചുമതലകൾ വഹിക്കുന്ന സാഹചര്യത്തിൽ സംഘടനാചുമതലകൾക്ക് മതിയായ സമയം ലഭിക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിൽ അഴിച്ചുപണിയ്ക്കുള്ള സാദ്ധ്യത തെളിയുന്നത്.
അടുത് വർഷം തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ തിരഞ്ഞെടുപ്പിന് താഴെത്തട്ടുമുതൽ ജില്ലാതലം വരെ പാർട്ടിയെ ശക്തമാക്കാൻ സംഘടനാ കാര്യങ്ങളിൽ സെക്രട്ടേറിയറ്റംഗങ്ങളുടെ സജീവമായ ഇടപെടൽ കൂടിയേ തീരൂ. ലോക് സഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് നിയമസഭാ സീറ്റുകളിലടക്കം ജില്ലയിലെ മിക്ക ബൂത്തുകളിലും പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി നേടിയ വോട്ട് വർദ്ധനയാണ് സംഘടനാ പ്രവർത്തനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടിയത്. സംഘടനാ പ്രവർത്തനത്തിലുണ്ടായ പിഴവുകളും താഴെത്തട്ടിലെ നേതാക്കൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം കുറഞ്ഞതുമാണ് പാർട്ടികുടുംബങ്ങളിൽ നിന്നുപോലും ബി.ജെ.പിയിലേക്ക് ആളും വോട്ടും ഒഴുകാൻ ഇടയാക്കിയതെന്നായിരുന്നു ബ്രാഞ്ച് , ലോക്കൽ , ഏരിയാ സമ്മേളനങ്ങളിലുയർന്ന വിമർശനം.
വനിതാപ്രാതിനിധ്യവും വർദ്ധിച്ചേക്കും
പതിമൂന്നംഗ ജില്ലാ സെക്രട്ടറിയേറ്റിൽ എട്ടുപേരും വിവിധ ചുമതലകൾ വഹിക്കുന്നവരാണ്
ഇപ്പോഴത്തെ ജില്ലാ കമ്മിറ്റിയിൽ ജനകീയരും ശക്തമായി സംഘടനാ പ്രവർത്തന രംഗത്ത് നിലകൊള്ളുന്നവരെയുമുൾപ്പെടുത്തി സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കാനാണ് സാദ്ധ്യത.
നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പ്രായപരിധി നിബന്ധനയുടെ പേരിൽ വരുന്ന ഒഴിവുകളിൽ പുതുമുഖങ്ങൾക്ക് അവസരമുണ്ടാകും
ഇപ്പോഴത്തെ സെക്രട്ടേറിയറ്റിൽ ജി. രാജമ്മ മാത്രമാണ് ഏകവനിത. വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിലുയർന്നിട്ടുണ്ട്.
മറ്റ് പദവികൾ വഹിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങൾ
എ. മഹേന്ദ്രൻ - സ്പിന്നിംഗ് മിൽ ചെയർമാൻ
കെ.എച്ച് ബാബുജാൻ - സിൻഡിക്കേറ്റംഗം
ജി.വേണുഗോപാൽ - , കയർകോർപ്പറേഷൻ ചെയർമാൻ
ജി.ഹരിശങ്കർ - കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ
കെ.പ്രസാദ് - പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ
മനു സി.പുളിക്കൽ- മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
എച്ച്.സലാം - എം.എൽ.എ
പി.പി.ചിത്തരഞ്ജൻ - എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |