മാവേലിക്കര: വിനോദയാത്രകൾ ഹരമാക്കിയ മാവേലിക്കര മറ്റം തെക്ക് സോമ സദനത്തിൽ സംഗീത് സോമനും (42) സുഹൃത്ത് മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരിയും (37)ഉൾപ്പെട്ട നാലംഗസംഘത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാർ. തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങളിലേക്ക് എത്തിയത് കൂട്ടദുരന്തത്തിന്റെ വാർത്തയാണ്.
മാവേലിക്കര ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സർവീസിലെ സ്ഥിരം യാത്രക്കാരാണ് അപകടത്തിൽപ്പെട്ടതിൽ അധികവും.
തട്ടാരമ്പലത്ത് എസ് ആൻഡ് എസ് മൊബൈൽ ഷോപ്പ് നടത്തുന്ന മറ്റം തെക്ക് സോമ സദനത്തിൽ സോമനാഥൻ പിള്ള, വിജയകുമാരി ദമ്പതികളുടെ മകൻ സംഗീത് യാത്ര ഹരമാക്കിയ ആളാണ്. ശനിയാഴ്ച രാത്രിയാണ് തഞ്ചാവൂർ യാത്രക്ക് പുറപ്പെട്ടത്.
ഇന്നലെ പുലർച്ചെയോടെയാണ് സംഗീതിന്റെയും അരുൺഹരിയുടെയും മറ്റ് രണ്ട് സഹയാത്രികരുടെയും വിയോഗ വാർത്ത മാവേലിക്കരയിലെത്തിയത്. വിനോദിന്റെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ കൃഷ്ണകുമാറും സുഹൃത്തായ രാജേഷും പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഗീതിലൂടെ നഷ്ടമായത്
കുമ്മിപ്പാട്ടുകാരനെ
രാമപുരം കേന്ദ്രീകരിച്ചുള്ള ദേവി കുത്തിയോട്ട സമിതിയിലെ കുമ്മിപ്പാട്ടുകാരനാണ് സംഗീത്. ചിങ്ങോലിയിലെ ഒരുകുത്തിയോട്ട ചടങ്ങിൽ നിന്നാണ് തഞ്ചാവൂരിലേക്ക് തിരിച്ചത്. വലിയകുളങ്ങര, ചെട്ടികുളങ്ങര ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് കുത്തിയോട്ട പരിപാടികൾക്ക് പാടാനേറ്റിരിക്കെയാണ് വേർപാട്.
സംഗീത് അപകടത്തിൽപ്പെട്ടതറിയാതെ രാവിലെ മാവേലിക്കരയിലെ സ്കൂളിലേക്ക് പോയ മക്കളെ പിന്നീട് മരണമറിഞ്ഞെത്തിയ ആൾക്കൂട്ടത്തിനിടയിലൂടെ തിരികെ വീട്ടിലെത്തിച്ചത് കൂട്ടക്കരച്ചിലിനിടയാക്കി. മാവേലിക്കര സഹകരണ കാർഷിക വികസന ബാങ്കിലെ താത്കാലിക ജീവനക്കാരി ഹരിതാ ഹരിയാണ് ഭാര്യ.
ഇൻഫന്റ് ജീസസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥി സൗരവ്, മൂന്നാം ക്ളാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
അരുണിന്റെ വേർപാട്
അമ്മയറിയാതെ
അരുൺഹരിക്കൊപ്പം അമ്മ റിട്ട.തപാൽ ജീവനക്കാരി രാധാദേവിയും സംഘത്തിലുണ്ടായിരുന്നു. അരുണിന്റെ സഹോദരി ദീപയ്ക്ക് വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റിൽ അസൗകര്യം കാരണമാണ് രാധാദേവി പകരക്കാരിയായത്.
ബസ് അപകടത്തിൽ ഇരുവർക്കും പരിക്കേറ്റെന്ന് അറിഞ്ഞാണ് അരുണിന്റെ അച്ഛൻ റിട്ട. മൃഗസംരക്ഷണ വകുപ്പ് സൂപ്രണ്ട് ഹരിഹരൻപിള്ള കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. മകനെ നഷ്ടമായതറിഞ്ഞത് പിന്നീടാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അരുണിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ മാതാവ് രാധാദേവിയെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മകൻ മരിച്ച വിവരം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. സംസ്കാരം പിന്നീട്. മാവേലിക്കരയിൽ നിന്നുള്ള വിനോദ യാത്രാ സംഘത്തിലെ അംഗങ്ങളാണ് മരിച്ച രമാമോഹനും ബിന്ദുഉണ്ണിത്താനും. രമയുടെ ഭർത്താവ് മോഹനൻ നായർക്കും പരിക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |