SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

കന്നിയാത്ര കണ്ണീർ യാത്രയായി, അപകടത്തിൽപ്പെട്ടത് പകരമെത്തിയ ബസ്

മാവേലിക്കര : ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയിൽ നിന്ന് തഞ്ചാവൂരിലേക്കുള്ള കന്നിയാത്ര കണ്ണീർയാത്രയായി മാറി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിലെയും വിനോദയാത്രാപ്രേമികളുടെയും നിരന്തര ആവശ്യം പരിഗണിച്ച് മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് ആരംഭിച്ച ആദ്യ സർവീസാണ് ശനിയാഴ്ച ഇവിടെ നിന്ന് പുറപ്പെട്ടത്.

മാവേലിക്കര ഡിപ്പോയിൽ അന്തർസംസ്ഥാന പെർമിറ്രുണ്ടായിരുന്ന എ.ടി.സി 143 ഡീലക്സ് ബസ് ജനുവരി 4ന് ചാലക്കുടി ഡിപ്പോയിലേക്ക് കൊണ്ടുപോയതിനാൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് അന്തർസംസ്ഥാന പെർമിറ്റുള്ള ആർ.പി.സി 506 ഡീലക്സ് ബസ് തഞ്ചാവൂർ സർവീസിനായി ശനിയാഴ്ച രാത്രി മാവേലിക്കരയിലെത്തിച്ചു. ബസ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഞായറാഴ്ച പുലർച്ചെ സർവീസിന് അയച്ചത്.

ഇതേ റൂട്ടിൽ വേളാങ്കണ്ണി സർവീസ് നടത്തുന്ന ഡ്രൈവർമാരായ ഡിക്സണെയും രാജീവ് കുമാറിനെയുമാണ് ഡ്രൈവർമാരായി നിയോഗിച്ചത്. ബഡ്ജറ്റ് ടൂറിസം സെൽ സർവീസ് കോർഡിനേറ്റർ ആർ.എസ് രമ്യയും ബസിലുണ്ടായിരുന്നു. കുമളിയിൽ നിന്ന് ഡീസൽ അടിച്ച് മാവേലിക്കരയ്ക്ക് വരുംവഴി പൊടുന്നനെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡ്രൈവർ വെളിപ്പെടുത്തിയത്. തഞ്ചാവൂരിലേക്ക് കന്നിയാത്ര പോയവരുടെ മടങ്ങിവരവിന് കാത്തിരിക്കവേയാണ് തിങ്കളാഴ്ച രാവിലെ ഇടുക്കിയിൽ നിന്ന് അപകട വാർത്ത മാവേലിക്കര ഡിപ്പോയിലെത്തിയത്. വിവരമറിഞ്ഞയുടൻ എ.ടി.ഒയും കൺട്രോളിംഗ് ഇൻസ്പെക്ടർമാരുൾപ്പെടെ ജീവനക്കാർ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.

മാവേലിക്കരയിൽ നിന്നുള്ള വേളാങ്കണ്ണി, ഗവി, മൂന്നാ‌ർ, നാലമ്പല ദർശന സർവീസുകളിലെ പതിവുകാരായിരുന്നു അപകടത്തിൽപ്പെട്ട പലരും. തഞ്ചാവൂരിലേക്കുളള ആദ്യ യാത്ര കണ്ണീരിൽ മുങ്ങിയതിന്റെ നടുക്കത്തിലാണ് യാത്രക്കാരും ജീവനക്കാരും.

മരണമടഞ്ഞ യാത്രക്കാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഡിപ്പോയ്ക്ക് മുന്നിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. മരിച്ചവരുടെ പൊതുദർശനമൊരുക്കി അന്ത്യയാത്ര നൽകാനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി. ഗതാഗത വകുപ്പ് മന്ത്രിയും ഉന്നത കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും അന്ത്യോപചാരം അർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL