SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

കാണാതെ പോകരുത് കുടുംബങ്ങളുടെ കണ്ണീർ കളർകോട് അപകടത്തിൽ മരിച്ചവർക്ക് സഹായം പ്രഖ്യാപിക്കാതെ സർക്കാർ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികളായ ആറുപേരുടെ മരണത്തിനിടയാക്കിയ കളർകോട് അപകടം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് ഒരു രൂപ പോലും സഹായം ലഭിച്ചില്ല. പഠനമികവുകൊണ്ട് എം.ബി.ബി.എസ് പ്രവേശനം നേടിയെന്നല്ലാതെ ദുരന്തത്തിനിരയായ കുട്ടികളിൽ പലരുടെയും ജീവിത സാഹചര്യം ദയനീയമാണ്.

സ്വന്തമായി കിടപ്പാടം പോലുമില്ലാതെ കടവും പ്രാരാബ്ദവുമായി കഴിഞ്ഞിരുന്ന സാധുകുടുംബങ്ങളുടെ പ്രതീക്ഷകളാണ് ദുരന്തത്തിൽ പൊലിഞ്ഞത്.

അകാലത്തിലുള്ള മക്കളുടെ വിയോഗം തീരാനോവായി അവശേഷിക്കുമ്പോൾ,​ ഏക പ്രതീക്ഷയായിരുന്ന സർക്കാരും കൈവിട്ടതിന്റെ ആഘാതത്തിലാണവർ.

പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും സർക്കാർ വഹിച്ചതൊഴിച്ചാൽ ഇൻഷുറൻസ് ആനുകൂല്യത്തിന് സാദ്ധ്യത വിരളമായ കേസിൽ നഷ്ടങ്ങൾക്ക് പകരമാകില്ലെങ്കിലും സർക്കാർ ധനസഹായം മാത്രമാണ് ഇനി ഈ കുടുംബങ്ങൾക്ക് ആശ്വാസം.

ദുരന്തത്തിനിരയായവരിൽ ഒന്നോ ,രണ്ടോ പേരൊഴികെ എല്ലാവരും സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്. ദുരന്തത്തിനിരയായ ലക്ഷദ്വീപുകാരൻ ഇബ്രാഹിം സാധുകുടുംബാംഗമാണ്. എടത്വയിൽ നിന്നുള്ള ആൽവിനും ഇടത്തരം കുടുംബത്തിൽ നിന്ന് ഡോക്ടർ‌മോഹം സ്വപ്നം കണ്ടെത്തിയതാണ്.

ഉള്ളിൽ നടുക്കം

മുന്നിൽ ശൂന്യത

അപകടത്തിനിരയായ കാവാലം നെല്ലൂർ ആയുഷ് ഷാജിയുടെ കുടുംബം ദുഖഭാരത്തിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല. ആയുഷിന്റെ പിതാവ് ഷാജിയും അമ്മ ഉഷയും സംഭവമറിഞ്ഞ് നാട്ടിലെത്തിയത് മുതൽ കാവാലത്തെ ഷാജിയുടെ കുടുംബ വീട്ടിലായിരുന്നു താമസം. മാസമൊന്നായിട്ടും വേർപാട് സൃഷ്ടിച്ച നടുക്കവും ശൂന്യതയും ഷാജിയെയും ഉഷയെയും വിട്ടൊഴിയുന്നില്ല. ഇത് മനസിലാക്കിയ ഉഷയുടെ സഹോദരൻ ഇരുവരെയും കാസർകോടേക്ക് കൂട്ടിക്കൊണ്ടുപോ

യിരിക്കുകയാണ്.

തണലാണ് വിധി

തകർത്തത്

കഴിഞ്ഞ വർഷം സ്വകാര്യ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടും ഫീസൊടുക്കാൻ പണമില്ലാത്തതിനാൽ വീണ്ടും പരിശ്രമിച്ച് നാട്ടിലെ സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടുമ്പോൾ ആയുഷിന് ഒരായുസിന്റെ മുഴുവൻ സ്വപ്നങ്ങളായിരുന്നു. ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ പിതാവ് ഷാജിയുടെ ഏക വരുമാനത്തിൽ തന്റെ വാർഷിക ഫീസും ഹോസ്റ്റൽ മെസ് ഫീസുകളുമെല്ലാം കൂടി തട്ടിക്കിഴിക്കാൻ കഴിയില്ലെന്ന് മനസിലാക്കി ഹോസ്റ്റലിലെ മെസിന്റെ ചുമതലക്കാരനായി കുടുംബത്തിന് താങ്ങായിരുന്നു അവൻ. എം.ബി.എക്കാരിയായ ചേച്ചി വിവാഹപ്രായമായിട്ടും അനുജൻ ‌‌ഡോക്ടറായിട്ട് മതി വിവാഹമെന്ന് ശാഠ്യം പിടിച്ചത് സാധുകുടുംബത്തിന്റെ എല്ലാമെല്ലാം അവനായിരുന്നതിനാലാണ്. ഇൻഡോറിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജി മകന്റെ മരണശേഷം പിന്നീട് ജോലിക്ക് പോയിട്ടില്ല. ഇൻഡോറിലെ കമ്പനിയിൽ ജോലിനോക്കുന്ന സഹോദരി നിഷ കഴിഞ്ഞ ദിവസമാണ് തിരികെപ്പോയത്.

.....................................

മെഡിക്കൽ വിദ്യാർത്ഥികളാണെന്ന് കരുതി ഇവരുടെ കുടുംബങ്ങൾ സമ്പന്നരാണെന്ന് കരുതരുത്. കുട്ടികൾ മരിച്ചതോടെ കുടുംബങ്ങൾ നിരാലംബരായിരിക്കുകയാണ്. ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം

-കെ.സി.വേണുഗോപാൽ.എം.പി

.........................................

കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാകുമെന്നാണ് കരുതുന്നത്. കുടുംബങ്ങളുടെ കണ്ണീരൊപ്പാനും കൈത്താങ്ങായി കൂടെ നിൽക്കാനും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും പി.ടി.എയും അദ്ധ്യാപകരും ഒപ്പമുണ്ടാകും

-ഷാജി വാണിയപ്പുരയ്ക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL