ആലപ്പുഴ : ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് മാസത്തിനുള്ളൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ 65കുട്ടികൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികളിൽ രോഗം വ്യാപകമായതിനെത്തുടർന്ന് എരമല്ലൂർ എൻ.എസ് എൽ.പി.എസ്, പെരുമ്പളം എൽ.പി.എസ് സ്കൂളുകൾ 21ദിവസത്തേക്ക് അടച്ചു.
എരമല്ലൂരിലെ സ്‌കൂളിലെ 27 കുട്ടികൾക്കും പെരുമ്പളത്തെ അഞ്ചുകുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം പുന്നപ്ര ഗവ.ജെ.ബി.എൽ.പി സ്‌കൂളിൽ 33 എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ചിരുന്നു. സാധാരണ രണ്ടാഴ്ചയ്ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗ ലക്ഷണം പ്രകടമാകാൻ സാധ്യതയുള്ള സമയം) 12 മുതൽ 25 ദിവസമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകൾ വായുവിൽ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.
വ്യാപനം വായുവിലൂടെ
പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്
വായുവിലൂടെയാണ് വ്യാപനം. ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുക
രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങും
രോഗം ബാധിച്ച് നാലു മുതൽ ആറുദിവസത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പകരാം.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം
ലക്ഷണങ്ങൾ
ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന മറ്റുലക്ഷണങ്ങൾ കണ്ടാൽ ചികിത്സ താമസിപ്പിക്കരുത്.
വാക്സിനേഷൻ നിറുത്തിയത് തിരിച്ചടി
സാർവത്രിക വാക്‌സിനേഷൻ പട്ടികയിൽ മുണ്ടിനീര് വാക്‌സിൻ ഇല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണം
രോഗവ്യാപനം കൂടിയപ്പോൾ സംസ്ഥാനം മീസിൽസ് (അഞ്ചാംപനി) വാക്‌സിനൊപ്പം മുണ്ടിനിര് വാക്‌സിനും നൽകി
കേന്ദ്രം മീസീൽസ് വാക്‌സിനൊപ്പം റുബൈല്ലാ വാക്‌സിനും ചേർത്ത് എം.ആർ വാക്‌സിൻ നൽകിത്തുടങ്ങിയതോടെ അത് നിറുത്തി
മുണ്ടിനീര് വ്യാപകമായതോടെ എം.ആർ വാക്‌സിനുപകരം എം.എം.ആർ വാക്‌സിൻ നൽകണമെന്ന ആവശ്യം ഡോക്ടർമാർ ഉയർത്തിയിട്ടുണ്ട്
കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാം
- ആരോഗ്യ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |