ആലപ്പുഴ: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ കാൽതെറ്റി ട്രാക്കിലേക്ക് വീണ ഗർഭിണിയായ യുവതിയെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തമിഴ്നാട് തിരുവള്ളൂർ സ്വദേശിനി എസ്.അഞ്ജലിയാണ് (24) അപകടത്തിൽപ്പെട്ടത്. ഖോരക്പൂർ - കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാരിയായ യുവതി ട്രെയിൻ ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോൾ വെള്ളം വാങ്ങാനാണ് പുറത്തിറങ്ങിയത്. ഭർത്താവും അമ്മയും തിരികെ ട്രെയിനിൽ കയറിയെങ്കിലും യുവതിക്ക് പെട്ടെന്ന് കയറാനായില്ല. ഇവർ തിടുക്കപ്പെട്ട് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് കണ്ട് റെയിൽവേ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ടി.സുനിൽകുമാർ തടയാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും യുവതി താഴേക്ക് വീണിരുന്നു. അദ്ദേഹം പെട്ടെന്ന് യുവതിയെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് ഉയർത്തികയറ്റുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് അടിയന്തരമായി ട്രെയിൻ നിർത്തി. യുവതിക്കും പൊലീസ് ഉദ്യോഗസ്ഥനും കൈകാലുകൾക്ക് നിസാര പരിക്കുണ്ട്. പത്ത് മിനിട്ട് വൈകി പുറപ്പെട്ട ഇതേ ട്രെയിനിൽ യുവതിയും കുടുംബവും യാത്ര തുടർന്നു. യുവതിയെ സാഹസികമായി രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ റെയിൽവേ അധികൃതർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |