ആലപ്പുഴ: നഗരസഭയിലെ രണ്ട് വാർഡുകളിലായി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ളക്സുകൾ നോക്കുകുത്തികളായതോടെ
പ്രാഥമികാവശ്യങ്ങൾക്കായി ജനം നെട്ടോട്ടത്തിൽ.വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെ ആയിരക്കണക്കിനാളുകൾ ദിവസേന
വന്നുപോകുന്ന ആലപ്പുഴ ബീച്ചിന് സമീപത്തെ സിവിൽ സ്റ്രേഷൻ വാർഡിലും നോർത്ത് പൊലീസ് സ്റ്റേഷന് എതിർവശത്തെ കനാൽക്കരയിലുമാണ് പൂർത്തിയായിട്ടും ടോയ്ലറ്റ് കോംപ്ളക്സുകൾ പൂട്ടിക്കിടക്കുന്നത്. പൊലീസ് സ്റ്റേഷന് എതിർവശത്തെ കനാൽക്കരയിലെ ടോയ്ലറ്റിലേക്ക് ഇറങ്ങാനുള്ള വഴിപോലും കാടുമൂടിയും ചപ്പുംകുപ്പയും നിറഞ്ഞും കിടപ്പാണ്.
ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളാണ് ദുരിതം അനുഭവിക്കുന്നവരിൽ അധികവും. ബീച്ച് കാണാനെത്തുന്നവർക്കും ബീച്ചിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കും
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ മതിയായ സൗകര്യമില്ലാത്തതിനാൽ പരക്കംപായേണ്ട ഗതികേടിലാണ്. കടൽപ്പാലത്തിന് വടക്കുവശം പണം നൽകി ഉപയോഗിക്കാവുന്ന ടോയ്ലറ്റ് ഉണ്ടെങ്കിലും പരിപാലനത്തിലെ അപാകതകാരണം വൃത്തി ഹീനമാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയങ്ങളുടെ കൂട്ടത്തിലാണ് അടച്ചിട്ടിരിക്കുന്നവയും നിർമ്മിച്ചത്.ഇതിൽ സ്വകാര്യ ബസ് സ്റ്റാൻഡ്, നഗര ചത്വരം, വലിയചുടുകാട് എന്നിവിടങ്ങളിലുള്ളത് മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്.
പരിപാലനത്തിന് ആളില്ല
പോർട്ട് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനുമതിയില്ലാതെ ടോയ്ലറ്റ് നിർമ്മിച്ചുവെന്നാരോപിച്ച് നഗരസഭയും പോർട്ട് വകുപ്പും തമ്മിലുണ്ടായ തർക്കവും പണി പൂർത്തിയാക്കാൻ ഫണ്ട് തികയാതെ വന്നതുമാണ് ബീച്ചിലെ ടോയ്ലറ്റ് തുറക്കുന്നതിന് തടസമായി. പിന്നീട് പത്തുലക്ഷത്തോളം രൂപ അനുവദിച്ചതോടെ പണികൾ പൂർത്തിയാക്കിയെങ്കിലും ഇത് ഇതുവരെ തുറന്നുകൊടുത്തില്ല.
അഴകോടെ ആലപ്പുഴയെന്ന പേരിൽ ശുചിത്വ കാമ്പയ്ൻ നടക്കുന്നതിനിടെ കനാൽക്കരയിൽ ടോയ്ലറ്റ് പ്രവർത്തിപ്പിക്കുന്നതിലെ അനൗചിത്യത്തിന്റെ പേരിലാണ് ലക്ഷങ്ങൾ മുടക്കി പുതുക്കിപ്പണിത നോർത്ത് പൊലീസ് സ്റ്റേഷന് എതിർവശത്തെ ടോയ്ലറ്റ് തുറക്കാത്തതെന്നാണ് അറിയുന്നത്. പരിപാലന ചുമതലയേറ്റെടുക്കാൻ ആളില്ലാത്തതാണ് പ്രശ്നമെന്നും പറയപ്പെടുന്നു. ടോയ്ലറ്റ് തുറന്നാൽ കമ്യൂണിറ്റി കിച്ചണിലെ സ്ത്രീകൾക്കുൾപ്പെടെ അത് പ്രയോജനപ്രദമാകും.
.................................
ടോയ്ലറ്റുകൾ പണിപൂർത്തിയാക്കിയിട്ട് വർഷങ്ങളായെങ്കിലും തുറന്നുകൊടുത്തിട്ടില്ല. അവ ഉടൻ തുറന്നുനൽകണമെന്ന് കൗൺസിലിൽ ആവശ്യം ഉന്നയിക്കും
- റീഗോ രാജു, പ്രതിപക്ഷ കൗൺസിലർ
...................................
പോർട്ട് വകുപ്പുമായി തർക്കങ്ങളൊന്നുമില്ല. ടോയ്ലറ്റ് തുറക്കുന്നതിന് പോർട്ട് വകുപ്പിന് തടസവുമില്ല.
-പോർട്ട് ഓഫീസർ, ആലപ്പുഴ
...........................................
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |