
ആലപ്പുഴ : ഒരു വർഷം മുമ്പ് ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിചാർജ്ജിൽ സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പാർട്ടി എട്ട് ലക്ഷം രൂപ നൽകിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിന് താഴെ മേഘയെഴുതിയ കുറിപ്പും വിവാദമായി. ഈ പറഞ്ഞ തുക തനിക്ക് കൈമാറാതെ ഇടയ്ക്ക് നിന്ന് ആരാണ് കൈപ്പറ്റിയതെന്ന് കൂടി പരസ്യമായി പറയണമെന്നായിരുന്നു അരിതയുടെ പോസ്റ്റിന് കീഴിൽ മേഘയുടെ കമന്റ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെയായിരുന്നു പൊലീസ് ലാത്തി വീശിയത്. മേഘയെ കൂടാതെ ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിനും തലയ്ക്ക് പരിക്കേറ്റിരുന്നു. മേഘയുടെ ആശുപത്രി ചെലവിന് പുറമേ എട്ട് ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി കൈമാറിയെന്നാണ് അരിത പോസ്റ്റിൽ വിശദീകരിച്ചിരുന്നത്. വിഷയം വിവാദമായതോടെ പരസ്യമായ പ്രതികരണത്തിന് ഇരു വനിതാ നേതാക്കളും തയാറായില്ല. ആറ് ലക്ഷത്തോളം രൂപയാണ് ലഭിച്ചതെന്നും, കണക്കിലെ വ്യത്യാസം മൂലമാണ് മേഘ ഫേസ്ബുക്കിൽ കമന്റിട്ടതെന്നുമായിരുന്നു മേഘയുടെ ഭർത്താവ് രഞ്ജിത്തിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |