ആലപ്പുഴ : യാത്രാബോട്ടുകളിലെ നിരക്ക് പരിഷ്കരിക്കാനായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ് പാക്) നടത്തിയ പഠന റിപ്പോർട്ട് വെളിച്ചം കണ്ടില്ല. നിലവിലെ മിനിമംനിരക്കായ ആറ് രൂപയെ, പത്ത് രൂപയായി വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നതിനായിരുന്നു പഠനം.
ഒരു വർഷം പിന്നിട്ടിട്ടും പഠന പുരോഗതിയെന്തെന്ന് ജലഗതാഗത വകുപ്പിനും അറിവില്ല. ബോട്ട് സർവീസുള്ള എല്ലാ ജില്ലകളിലും സന്ദർശനം നടത്തിയിട്ടും യാത്രാബോട്ടുകളുടെ കിലോമീറ്റർ കണക്കാക്കുന്നതിലെ സാങ്കേതികതടസ്സമാണ് നിരക്ക് വർദ്ധനയുടെ റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് സൂചന. ദിവസേനയുള്ള ഇന്ധനവില, ബോട്ടുകളുടെ അറ്റകുറ്റപ്പണി എന്നിവക്ക് ചെലവേറിയിട്ടും നിരക്ക് പഴയപടി തന്നെ തുടരുകയാണ്. ആലപ്പുഴ, കൊല്ലം ജില്ലകളിൽ യാത്രാബോട്ടുകളെ ആശ്രയിച്ചു കഴിയുന്നവർ ഏറെയുണ്ട്. മിതമായ നിരക്ക് സ്ഥിരം യാത്രക്കാർക്ക് ആശ്വാസകരവുമാണ്. 2016ലാണ് യാത്രാബോട്ടുകളുടെ മിനിമം നിരക്ക് ആറ് രൂപയാക്കി വർദ്ധിപ്പിച്ചത്. അതിന് മുമ്പ് നാല് രൂപയായിരുന്നു മിനിമം ചാർജ്. പലതവണ ചാർജ്ജ് വർധിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. ഓരോതവണയും ബോട്ട് സർവിസ് നടത്തുമ്പോൾ എത്ര മണിക്കൂർ എൻജിൻ പ്രവർത്തിക്കുന്നു, ചെലവാകുന്ന ഡീസൽ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് എന്നിവ കണക്കാക്കിയാണ് മിനിമം നിരക്ക് നിശ്ചയിക്കുന്നത്. ഇതിന് ആവശ്യമായ വിവരങ്ങൾ പലഘട്ടങ്ങളിലായി ജലഗാതഗവകുപ്പിൽ നിന്ന് നൽകിയിട്ടുണ്ട്. റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നാണ് നാറ്റ്പാക് സംഘം പറയുന്നത്.
തടസം കി.മീറ്റർ കണക്ക്
യാത്രാബോട്ടുകകൾക്ക് എൻജിൻ പ്രവർത്തിക്കുന്ന സമയത്തിനനുസരിച്ചാണ് ഇന്ധനച്ചെലവ്
ഓരോ ബോട്ടുജെട്ടിയിലും നിർത്തുമ്പോഴുള്ള സമയത്ത് കൂടുതൽ ഇന്ധനം വേണ്ടിവരും
ആഴവും ബോട്ടുജെട്ടികളുടെ നിർമാണത്തിലെ വ്യത്യാസവും മൂലം ബോട്ടുകൾക്ക് പലപ്പോഴും കൂടുതൽ കി.മീറ്റർ സഞ്ചരിക്കേണ്ടിവരും
ഇതോടെ കൃത്യമായ കിലോമീറ്റർ കണക്കാക്കാൻ പ്രയാസം നേരിടുന്നുവെന്നാണ് പറയപ്പെടുന്നത്
മിനിമം യാത്രാ നിരക്ക് : 6 രൂപ
ആകെ 63 സർവീസുകൾ
14 സ്റ്റേഷനുകളിലായി 63 സർവീസുകൾ
54 യാത്രാബോട്ടുകൾ
2 സോളാർ ബോട്ട്
8 കാറ്റാമറൈൻ ഡീസൽ ബോട്ട്
പഠനം അന്തിമഘട്ടത്തിലാണെന്നാണ് നാറ്റ്പാക്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരം
-ജലഗതാഗത വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |