
ആലപ്പുഴ: ജില്ലയിലെ പടഹാരം, നാലുചിറ പാലങ്ങൾ മാർച്ചിൽ പൂർത്തിയാകും. കാവാലം പാലത്തിന്റെ നിർമ്മാണോദ്ഘാടനവും നടക്കും.
പുന്നമട പാലത്തിന്റെ പൈലിംഗ് പരോഗമിക്കുന്നു. പടഹാരം, നാലുചിറ, പുന്നമട, കാവാലം പാലങ്ങൾ ജില്ലയിലെ കാർഷികമേഖലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കും വിധമാണ് നിർമ്മാണം. കിഫ്ബിയുടെ സഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) നാല് പാലങ്ങളുടെയും നിർമ്മാണ ചുമതല.
സംസ്ഥാനത്തെ ആദ്യ ബോക്സ് മാതൃകയിലാണ് പടഹാരം പാലം പണിയുന്നത്. പക്ഷിച്ചിറകിന്റെ മാതൃകയിൽ സംസ്ഥാനത്ത് ആദ്യ എക്‌സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമാണ് തോട്ടപ്പള്ളി നാലുചിറയിലേത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെ ബന്ധിപ്പിക്കാൻ കഴിയുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരമായ റോഡ് പൂർത്തിയാകാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണം. പുന്നമട പാലം പൂർത്തിയാകുന്നതോടെ നെഹ്രുട്രോഫി വാർഡിലെയും കൈനകരി നടുത്തുരുത്ത് നിവാസികളുടെയും യാത്രാ ദുരിതത്തിന് അറുതിയാകും.
ടൂറിസത്തിന് കുതിപ്പാകും
1.സഞ്ചാരികൾക്ക് കൗതുകം ഉണർത്തുംവിധം പമ്പാനദിക്ക് കുറുകെയാണ് പടഹാരം പാലം പണിയുന്നത്.ടാറിംഗ് ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.പാലത്തിന്റെ അടിഭാഗത്തുകൂടി ഒന്നരമീറ്റർ വീതിയിൽ ഇരുവശവും നടപ്പാതയുണ്ട്
2.ദേശീയ ജലപാതയിൽ ലീഡിംഗ് ചാനലിന് കുറുകേ കൊട്ടാരവളവിലാണ് നാലുചിറപാലം. 70 മീറ്റർ നീളമുള്ള സെൻട്രൽ സ്പാനോടെ ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ചാണ് 458 മീറ്റർ നീളമുള്ള പാലം നിർമ്മിച്ചത്
3. പുന്നമട പാലത്തിന്റെ പൈലിംഗ് പുരോഗമിക്കുന്നു. വേമ്പനാട്ട് കായലിന് കുറുകെയുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ഒരുസ്പാനുമാണുള്ളത്
4.ടെണ്ടർ നടപടികൾ പൂർത്തിയായ കാവാലം തട്ടാശേരി പാലത്തിന്റെ നിർമ്മാണോദ്ഘാടനവും മാർച്ചിലുണ്ടാകും. എസ്റ്റിമേറ്റ് തുക 73 കോടിയായി വർദ്ധിപ്പിച്ചതിന് അനുമതി ലഭിക്കേണ്ടതുണ്ട്. പമ്പയാറിന് കുറുകെ ടവർമാതൃകയിലാണ് നിർമ്മാണം
പടഹാരം
നീളം : 443 മീറ്റർ
വീതി : 11മീറ്റർ
ചെലവ്: 55 കോടി
നാലുചിറ
നീളം : 450 മീറ്റർ
വീതി : 13മീറ്റർ
ചെലവ്: 56 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |