SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

മെഗാ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം അടുത്ത മാസം

photo

ആലപ്പുഴ: ടൂറിസം മേഖലക്ക് ഉണർവേകാനും സഞ്ചാരികൾക്ക് കൗതുകക്കാഴ്ചകൾ കണ്ടുമടങ്ങാനും മെഗാടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർ‌ത്തിയാക്കിയ പദ്ധതികൾ അടുത്തമാസം നാടിന് സമർപ്പിക്കും. തോട്ടപ്പള്ളി കുട്ടികളുടെ പാർക്ക്, ഹൗസ് ബോട്ട് ടെർമിനൽ, അരൂക്കുറ്റി ടെർമിനൽ, പുന്നമട വട്ടക്കായൽ ഹൗസ് ബോട്ട് ടെർമിനൽ, താമസത്തിനുള്ള കെട്ടിടം, ഫിനിഷിംഗ് പോയന്റിലെ ടെർമിനൽ, കായംകുളം കനാൽ തീരം നവീകരണം, അന്ധകാരനഴി, ആലപ്പുഴയിലെ കനാൽ നവീകരണം, പടഹാരം, നെടുമുടി, കഞ്ഞിപ്പാടം ബോട്ട് ജെട്ടികൾ, അർത്തുങ്കൽ, കന്നിട്ടചിറ, വയ്യാങ്കരചിറ എന്നിവടങ്ങളിലെ പദ്ധതികളാണ് പൂർ‌ത്തിയായത്. 2014ൽ കേന്ദ്ര സർക്കാർ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 52.25കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാന വിഹിതമായ 4കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയ്യാറാക്കിയത്.

തോട്ടപ്പള്ളിലെ രണ്ട് പദ്ധതികളും 2018ൽ പൂർത്തിയായതാണ്. എന്നാൽ,​ തീരപരിപാലനത്തിന്റെ പേരിൽ കെട്ടിട നമ്പർ ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകിയത്. കെട്ടിട നമ്പർ ലഭിച്ചതിനാൽ വൈദ്യുതി കണക്ഷൻ കിട്ടിയാലുടൻ ഉദ്ഘാടനം നടക്കും.നൂറോളം ഹൗസ്ബോട്ടുകൾക്ക് പാർക്ക് ചെയ്യാവുന്ന ടെർമിനലാണിത്.

പ്രവർത്തനം ആരംഭിക്കാത്തതിനാൽ പീലിംഗ് ഷെഡിൽ നിന്നുള്ള ചെമ്മീൻ തോട് രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് പുഴയിലേക്ക് തള്ളുന്നത് ടെർമിനലിന്റെ പ്‌ളാറ്റ് ഫോമിൽ നിന്നാണ്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ് പ്രദേശം. കാടുകയറിയ പാർക്കും പരിസരവും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്.

പുന്നമട വട്ടക്കായലിൽ സഞ്ചാരികൾക്ക് താമസിക്കാൻ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകാൻ കാരണം വസ്തു ഉടമക്ക് നഷ്ടപരിഹാരം നൽകുന്നതിലെ തർക്കമാണ്.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സംയുക്ത വാല്യൂവേഷൻ പൂർത്തിയാക്കി. തർക്ക വസ്തുവിന് പുറത്ത് നിർമ്മിച്ച റാമ്പ്, ടെർമിനലുകൾ എന്നിവ അടുത്ത മാസം സമർപ്പിക്കും. നിർമ്മിതിക്കാണ് നിർമ്മാണ മേൽനോട്ടം.

ടൂറിസം മേഖലക്ക് ഉണർവേകും

1.നവീകരണം പൂർത്തിയായ തോട്ടപ്പള്ളി ബീച്ചിലെ കുട്ടികളുടെ പാർക്കും തോട്ടപ്പള്ളി ഹൗസ് ബോട്ട് ടെർമിനൽ, കായംകുളത്തെ കായൽ നവീകരണവും ആഡിറ്റോറിയവും കാവാലം, പുന്നമട, പടഹാരം, അർത്തുങ്കൽ പദ്ധതികളും അടുത്തമാസം ഉദ്ഘാടനം ചെയ്യും

2.കായംകുളത്ത് കായൽ നവീകരണ പദ്ധതി അന്തിമഘട്ടത്തിലാണ്. ചുറ്റുമതിൽ, ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കായലിന്റെ ഇരുവശവും സൗന്ദര്യവത്കരണം പൂർത്തിയായി

പദ്ധതികൾ : 14

ആകെ: 52.25കോടി

സംസ്ഥാന വിഹിതം: 4കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL