ആലപ്പുഴ: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിപക്ഷ സർവീസ് സംഘടനകളും സി.പി.ഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും സംയുക്തമായി നടത്തിയ പണിമുടക്കിൽ ഓഫീസ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും ആലപ്പുഴ കളക്ട്രേറ്റിലെ 150 ലധികം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചു. ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫീസുകൾ , നഗരസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , സ്കൂളുകൾ എന്നിവിടങ്ങളിലും ഒരു വിഭാഗം ജീവനക്കാർ പണിമുടക്കി. ജോയിന്റ് കൗൺസിൽ പണിമുടക്കിൽ പങ്കെടുത്തതോടെ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിലെ മിക്ക ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായി. വിദ്യാലയങ്ങൾ പതിവുപോലെ പ്രവർത്തിച്ചെങ്കിലും പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ സമരത്തിനിറങ്ങിയത് ചില സ്കൂളുകളിൽ അദ്ധ്യയനം ഭാഗികമായി തടസപ്പെടാനിടയാക്കി. സമരത്തിൽ പങ്കെടുത്ത ജീവനക്കാരും അദ്ധ്യാപകരം ആലപ്പുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷൻ, അമ്പലപ്പുഴ താലൂക്ക് ഓഫീസ്, താലൂക്കിലെ വിവിധ സർക്കാർ ഓഫീസിൽ നിന്ന് പണിമുടക്കിൽ സംബന്ധിച്ച ജീവനക്കാരും കളക്ട്രേറ്റ് പരിസരത്ത് പ്രകടനത്തിൽ പങ്കാളികളായി. ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലും പണിമുടക്ക് ഏറെക്കുറെ പൂർണമായിരുന്നു. റവന്യൂ, കൃഷി, മൃഗസംരക്ഷണം, സിവിൽ സപ്ളൈസ് വകുപ്പുകളിലെ സമരം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ജനങ്ങളെ ബാധിച്ചു. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലൊരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |