
മാന്നാർ : കോൽപ്പയറ്റും വടിപ്പയറ്റും മുച്ചാൺ പയറ്റുമായി അരങ്ങു നിറഞ്ഞ സരസ് മേളയുടെ അഞ്ചാം ദിനം കളരിപ്പയറ്റ് പ്രദർശനത്തിൽ അഭ്യാസ മുറകളിലൂടെ കാണികളുടെ കൈയ്യടി നേടി മന്ത്രി സജി ചെറിയാന്റെ പേരക്കുട്ടി ഇസബെല്ല. വിവിധ പ്രായത്തിലുള്ള അറുപതംഗ സംഘം കൈയ് മെയ് മറന്ന് അഭ്യാസം നടത്തിയ വേദിയിലാണ് വടി വീശൽ, വടി കറക്കൽ, മുഖക്കെട്ട് തുടങ്ങിയ അഭ്യാസ മുറകൾ പ്രദർശിപ്പിച്ച് ഇസബെല്ല താരമായത്. കളരിയിൽ ചേരുന്നതിനുള്ള പ്രായം ഏഴു വയസണെങ്കിലും നാലര വയസ്സു മുതൽ മുറകളിൽ പ്രകടന പാടവവും മെയ് വഴക്കവും കളരി അഭ്യസിക്കാനുള്ള ഇസബെല്ലയുടെ പ്രത്യേക താൽപര്യവും കണ്ടിട്ടാണ് മാതാപിതാക്കൾ ഗുരു പ്രകാശ് പണിക്കരുടെ കളരിയിൽ ചേർത്തത്. വെറും രണ്ടു മാസത്തെ പരിശീലനം കൊണ്ടു തന്നെ മികച്ച രീതിയിൽ അഭ്യാസ മുറകൾ സ്വായത്തമാക്കിയാണ് ഇസബെല്ല വേദിയിൽ തിളങ്ങിയത്. പ്രകടനം കാണാൻ സജി ചെറിയാൻ ഉണ്ടായിരുന്നില്ലെങ്കിലും സരസ് മേളയുടെ വേദിയിൽ തന്റെ അഭ്യാസം പ്രദർശിപ്പിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇസബെല്ല. ചെങ്ങന്നൂർ പണിക്കേഴ്സ് കളരി ടീമിന്റെ ഗുരു പ്രകാശ് പണിക്കരുടെ നേതൃത്വത്തിലാണ് സരസ് മേളയിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |