SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ഉരുൾപൊട്ടിയ മണ്ണിൽ നിന്നും ഉയിർപ്പിന്റെ ഉശിരുമായി

s

ചെങ്ങന്നൂർ: ഉരുൾപൊട്ടിയ മണ്ണിൽ നിന്നും സരസ് മേളയിലെത്തി ഉയിർപ്പിന്റെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് അഞ്ച് യുവാക്കൾ. വയനാട് ചൂരൽമലയിൽ നിന്നാണ് വൈൻക്രേവ് എന്ന സംരംഭത്തിന്റെ ഉടമകളായ സുബൈൽ, റാഷിദ്, സിനാൻ, ഫിർഷാദ്, ശുഹൈബ് എന്നിവരുടെ വരവ്. ചോക്ലേറ്റ്. ഇഞ്ചി, ലെമൺ, മിന്റ് തുടങ്ങിയ വിവിധ രുചിയും മണവും നിറവുമുള്ള എട്ടിനം ചായപ്പൊടികൾ, വറുത്ത കാപ്പിക്കുരു, ഏലയ്ക്കാ, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയാണ് ഉൽപന്നങ്ങൾ.

കാൽച്ചുവട്ടിലെ മണ്ണ് വരെ കവർന്നെടുത്ത ദുരന്തത്തിൽ പ്രിയപ്പെട്ട പലതും നഷ്ടമായ ഇവരുടെ ജീവിതം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിന്റെ പേരാണ് വൈൻക്രേവ്. മുമ്പ് തേൻ, ഏലയ്ക്ക, തേയില, ഗ്രാമ്പു എന്നിവയെല്ലാം സ്വന്തമായി കൃഷി ചെയ്തിരുന്നെങ്കിലും പ്രാദേശിക വിപണനം മാത്രമാണുണ്ടായിരുന്നത്. ഉരുൾ പൊട്ടലിനു ശേഷം കുടുംബശ്രീയുടെ സഹായത്തോടെ 2024 ഒക്ടോബറിൽ വൈൻക്രേവ് എന്ന സംരംഭമായി രജിസ്റ്റർ ചെയ്തു. തുടർന്ന് ആകർഷകമായ പ്രീമിയം പായ്ക്കിങ്ങോടെ ഉൽപന്നങ്ങൾ പുറത്തിറക്കി.

ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കു കൂടി കയറ്റി അയച്ചു കൊണ്ട് മികച്ച വരുമാനം നേടാൻ ഈ ചെറുപ്പക്കാർക്ക് കഴിഞ്ഞു. ഉൽപന്നത്തിന്റെ ഗുണമേന്മയെക്കുറിച്ച് ഗുണഭോക്താക്കൾക്കും മികച്ച അഭിപ്രായമാണ്. സരസ് ഉൽപന്ന പ്രദർശന നഗരിയിലെ പതിമൂന്നാം നമ്പർ സ്റ്റാളിലാണ് ഇവരുടെ ഉൽപന്നങ്ങൾ ലഭ്യമാവുക.

ഉരുൾബാധിത പ്രദേശങ്ങളിൽ കഴിഞ്ഞിരുന്നവരുടെ അതിജീവന ഉപജീവന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയാണ് സംരംഭത്തിന് ആവശ്യമായ പിന്തുണകൾ കുടുംബശ്രീ ലഭ്യമാക്കുന്നത്.

ഉരുൾപൊട്ടലിൽ ഉപജീവന മാർഗവും സഹപ്രവർത്തകരെയും നഷ്ടപ്പെട്ട കുടുംബശ്രീ അംഗമായ സബിതയുടെ കോക്കനട്ട് ബാംബൂ ഷെൽ ക്രാഫ്റ്റ് യൂണിറ്റും സരസ് മേളയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL