ആലപ്പുഴ: കരാറുകാർക്ക് കുടിശിക നൽകാത്തതിനെത്തുടർന്ന് അറ്റകുറ്റപ്പണി മുടങ്ങുന്നതും കുഴൽക്കിണറുകളിൽ അടിക്കടിയുണ്ടാകുന്ന തകരാറുകളും ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. വേനൽ കടുത്തതോടെ ഗുരുതരമാണ് സ്ഥിതി. പാചകത്തിനുൾപ്പെടെ വെള്ളം വില കൊടുത്തുവാങ്ങേണ്ട ഗതികേടിലാണ് ആലപ്പുഴ നഗരത്തിലും കുട്ടനാട് ഉൾപ്പെടെയുമുള്ള പ്രദേശങ്ങളിലുള്ളവർ.
പത്തിയൂരിലെ ഓവർഹെഡ് ടാങ്കിൽ നിന്നാണ് കായംകുളം നഗരസഭയിലെ ജലവിതരണം. നഗരസഭയോട് ചേർന്നുള്ള കൃഷ്ണപുരം പഞ്ചായത്തിൽ ഭാഗികമായേ വെള്ളംനൽകാൻ കഴിയുന്നുള്ളൂ. ചേപ്പാട്, ഹരിപ്പാട്, തീരദേശ പഞ്ചായത്തുകളായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തുടങ്ങിയ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ് . കിഴക്കൻ പ്രദേശങ്ങളായ വള്ളികുന്നം, താമരക്കുളം, നൂറനാട്, ചാരുംമൂട് മേഖലകളിൽ രണ്ട് മാസമായി ഉയരംകൂടിയ പ്രദേശങ്ങളിലൊന്നും കുടിവെള്ളം എത്തുന്നില്ല.
ദേശീയപാത വികസനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ പൈപ്പ് പൊട്ടുന്നതും വെല്ലുവിളിയാണ്. കാലപ്പഴക്കം കാരണം പൈപ്പ്പൊട്ടുന്നതും പതിവാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിൽ ചിലത് പൊളിച്ചാലേ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താൻ കഴിയുകയുള്ളൂ. അടുത്തിടെ ടാർചെയ്ത റോഡുകൾ തുരക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതും ചോർച്ച പരിഹരിക്കുന്നതിന് തടസമാണ്. തകരാറിലായ കുഴൽക്കിണറുകൾക്ക് പകരം ജില്ലയിലെമ്പാടും പുതിയവ സ്ഥാപിക്കുന്നതിന് പദ്ധതിതയ്യാറാക്കിയെങ്കിലും ഇവയൊന്നും പൂർത്തിയായിട്ടില്ല.
പ്രയോജനപ്പെടാതെ ജൽജീവനും
ജൽജീവൻ പദ്ധതിയിൽ എല്ലാ വാട്ടർ അതോറിട്ടി ഡിവിഷനുകളിലും കണക്ഷനുകൾ ലഭ്യമാക്കിയെങ്കിലും ഇതിലും വെള്ളമെത്തിയിട്ടില്ല
വാട്ടർ അതോറിട്ടിയുടെ നിലവിലുള്ള സ്രോതസുകളാണ് ജൽജീവൻ മിഷന്റെയും ആശ്രയം
ഈ ഗുണഭോക്താക്കൾക്ക് കൂടി എങ്ങനെ കുടിവെള്ളം നൽകാനാകുമെന്ന് വാട്ടർ അതോറിട്ടിക്ക് നിശ്ചയമില്ല
കായംകുളം, കൃഷ്ണപുരം മേഖലകളിൽ കുഴൽക്കികിണറുകളുടെ തകരാർ ജല വിതരണത്തെ ബാധിച്ചിട്ടുണ്ട്.
പൈപ്പ് പൊട്ടൽ വെല്ലുവിളി
പൈപ്പ് പൊട്ടലാണ് ആലപ്പുഴ നഗരത്തിൽ വെള്ളക്ഷാമം രൂക്ഷമാക്കുന്നത്. ദേശീയ പാതയുടെയും സിറ്റി ഗ്യാസ് ലൈൻ നിർമ്മാണത്തിന്റെയും ജോലികൾക്കിടെ പഴയ പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. തിരുവല്ലയിൽ നിന്നെത്തുന്ന വെള്ളത്തിന് പുറമേ പ്രദേശത്തെ 26 കുഴൽക്കിണറുകളെയും ആശ്രയിച്ചാണ് കുട്ടനാട്ടിലെ ജലവിതരണമെങ്കിലും പലയിടത്തും വെള്ളം കിട്ടാറില്ല.
ജില്ലയിൽ കരാറുകാർക്ക് നൽകാനുള്ളത്
₹16കോടി
ജില്ലയിൽ വെള്ളത്തിന്റെ ഉപയോഗം
(വാട്ടർ അതോറിട്ടിയുടെ കണക്ക്)
അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ..............185 എം.എൽ.ഡി
കുട്ടനാട് താലൂക്ക് ................................................10-15 എം.എൽ.ഡി
കായംകുളം നഗരസഭ.........................................12 എം..എൽ.ഡി
മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകൾ ........40 എം.എൽ.ഡി
വേനൽക്കാലമാകുമ്പോഴാണ് കുടിവെള്ളക്ഷാമത്തെപ്പറ്റി വാട്ടർ അതോറിട്ടി ചിന്തിക്കുന്നത്. കരാറുകാരുടെ കുടിശിക വിതരണം ചെയ്ത് പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി യഥാസമയം പൂർത്തിയാക്കാനും ജലവിതരണം കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കണം
- ജാഗ്രത സമിതി, ആലപ്പുഴ
വേനൽ കടുത്തതോടെ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും വെള്ളക്ഷാമം സംബന്ധിച്ച പരാതികൾ ലഭിക്കുന്നുണ്ട്. പരാതികൾ ഉടനടി പരിഹരിച്ച് വരികയാണ്
- വാട്ടർ അതോറിട്ടി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |