ആലപ്പുഴ: പ്ളസ് വൺവിദ്യാർത്ഥിനിയെയും മാതാവിനെയും വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗതാഗതകമ്മീഷണർക്ക് ലഭിച്ച പരാതി അന്വേഷിച്ച ആലപ്പുഴ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് വാഹന ഉടമയുടെ ഭീഷണി. ആർ.ടി.ഒ രമണന്റെ പരാതിയിൽ വാഹന ഉടമയ്ക്കെതിരെ അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കിടയാക്കിയ വാഹനം അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിൽ ഇന്ന് ഹാജരാക്കാനും നിർദേശം. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശാനുസരണം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആർ.ടി.ഒയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അമ്പലപ്പുഴ ഡിവൈ.എസ്.പിയോടും വാഹനം ഇടിപ്പിച്ചുവെന്ന പരാതിയിൽ കരീലകുളങ്ങര സി.ഐയോടും എസ്.പി റിപ്പോർട്ട് തേടി.
കഴിഞ്ഞ 16ന് ചേപ്പാട് റെയിൽവേ ഗേറ്റിന് സമീപം മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ, ചേപ്പാടുള്ള ഒരു സ്കൂളിനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന മിനി ബസ് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. മിനി ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ അമ്മയ്ക്ക് കാലിന് പരിക്കേറ്റിരുന്നു.
ട്രാൻ.കമ്മീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച പരാതിയിൽ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇതിന്റെ അടിസ്ഥാനത്തിൽ വാൻ ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് വിളിച്ചുവരുത്തുകയും വാഹനം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടിച്ചതിന്റെ ലക്ഷണങ്ങളൊന്നും വാഹനത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സീറ്റിന്റെ ഘടനയിൽ മാറ്റം വരുത്തിയതിന് 5000 രൂപ പിഴ ഈടാക്കി. ഇതിൽ പ്രകോപിതനായ വാഹന ഉടമ ആർ.ടി.ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. എന്നാൽ, ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് ആർ.ടി.ഒ ആണെന്ന് ആരോപിച്ച് ഉടമ കരീലകുളങ്ങര സ്റ്റേഷനിൽ പരാതി നൽകി. വണ്ടി ഇടിച്ചതായി പറയുന്ന സ്ഥലത്ത് സി.സി ടി.വി കാമറകളോ, ദൃക്സാക്ഷികളോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |