SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

ടിപ്പർ, ടോറസ് മരണപ്പാച്ചിൽ, ഭീതിയിൽ ​കാൽനടക്കാർ

ആലപ്പുഴ: സർവ്വനിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി പായുന്ന ടിപ്പർ, ടോറസ് ലോറികൾ നിരത്തുകളെ ചോരക്കളമാക്കുന്നു. ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ടോറസ് ഇടിച്ച് അനിലയെന്ന യുവതി മരിച്ചത് കഴിഞ്ഞ ദിവസമാണ്. ജില്ലയിൽ കെ.പി റോഡ്, അമ്പലപ്പുഴ-തിരുവല്ല, തോട്ടപ്പള്ളി-ചവറ, മുഹമ്മ- തണ്ണീർമുക്കം, ഹരിപ്പാട് -പള്ളിപ്പാട്, നങ്ങ്യാർകുളങ്ങര -മാവേലിക്കര റോഡുകളിലാണ് ടിപ്പറുകളുടെ അപകട സഞ്ചാരം. നിലവിലെ നിയന്ത്രണങ്ങൾ പാലിക്കാത്തതും പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധനകൾ കർശനമാക്കാത്തതുമാണ് ടിപ്പറുകൾ പിടിവിട്ട് പറക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ടീമും ജോയിന്റ് ആർ.ടി.ഒമാരും നടത്തിയിരുന്ന പരിശോധനയിൽ മുമ്പ് ദിവസേന അഞ്ച് മുതൽ പത്തുവരെ ടിപ്പർ ലോറികൾക്കെതിരെ നടപടിയെടുത്തിരുന്നെങ്കിലും ഇപ്പോൾ അത്തരം നടപടികളെന്നും കേൾക്കാൻ പോലുമില്ലെന്നാണ് അവർ പറയുന്നത്.

പെർമിറ്റും ലൈസൻസും റദ്ദാക്കാം

# രാവിലെ 9 മുതൽ 10വരെയും വൈകിട്ട് 3.30 മുതൽ 4.30 മണിവരെയും ടിപ്പർലോറികളുടെ സഞ്ചാരം നിരോധിച്ചിട്ടുള്ളതാണ്

# സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തുള്ള ഈ നിയന്ത്രണം ലംഘിച്ചാൽ പെർമിറ്റ് ക്‌ളാസ് അനുസരിച്ച് 1500 മുതൽ 7500രൂപ വരെ പിഴ ഈടാക്കാം

# സമയക്രമം പാലിക്കാതെയും അമിത വേഗതയിലും സർവീസ് നടത്തിയാൽ ടിപ്പർ, ടോറസ് ലോറികളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ നിയമമുണ്ട്

ജില്ലയിൽ

ടിപ്പറുകളും ടോറസുകളും: 4000

തൊഴിലാളികൾ: 8000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL