
ആലപ്പുഴ : കോടതിപ്പാലം നവീകരണവുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികൾ പുരോഗമിക്കവേ, പാലത്തിന് പടിഞ്ഞാറുവശം കനാൽക്കരയിലുള്ള മത്സ്യകന്യകയുടെ ശില്പം മാറ്റി സ്ഥാപിക്കുന്നതിന് സംയുക്ത പരിശോധനാസമിതിയുടെ റിപ്പോർട്ട് തേടി. ശില്പം മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ കളക്ടർ നിയോഗിച്ച പൊതുമരാമത്ത്, കെ.ആർ.എഫ്.ബി എൻജിനീയർമാരുടെ സംഘം കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു.
കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനീയർ റിജു തോമസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ഡി.സാജൻ, കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ റംലാബീവി എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
പാലത്തിന്റെ കിഴക്കേക്കരയിൽ പൈലിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ബോട്ട് ജെട്ടി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബോട്ട് ജെട്ടിയ്ക്കായി മാതാജെട്ടിയിൽ പണിത താൽക്കാലിക കെട്ടിടം ജലഗതാഗത വകുപ്പിന് കൈമാറി. വൈദ്യുതി, വാട്ടർ കണക്ഷനുകൾ ലഭ്യമായതിനാൽ രണ്ടോമൂന്നോ ദിവസത്തിനകം ബോട്ട് ജെട്ടി പ്രവർത്തനം ഇവിടേക്ക് മാറ്റും. ഇതിന് ശേഷം പഴയ ബോട്ട് ജെട്ടി പൊളിച്ചുമാറ്റി സ്ഥലം നിർമ്മാണകമ്പനിക്ക് കൈമാറും. പിന്നാലെ, ശിക്കാരവള്ളങ്ങൾ പുന്നമട ഭാഗത്തേക്ക് മാറ്റി കൊമേഴ്സ്യൽ കനാലിൽ ഔട്ട് പോസ്റ്റ് ഭാഗത്ത് ബണ്ട് നിർമ്മാണം ആരംഭിക്കും.
നിർമ്മാണം തുടരാൻ ശില്പം മാറ്റണം
ശില്പം സുരക്ഷിതമായി മാറ്റുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനകം പരിശോധനാസംഘം കളക്ടർക്ക് റിപ്പോർട്ട് നൽകും
പൈലിംഗ് പൂർത്തിയാക്കിയ ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ തുടരണമെങ്കിൽ ശില്പം നീക്കംചെയ്യേണ്ടതായുണ്ട്
പ്രതിമ മാറ്റാൻ ഊരാളുങ്കൽ സൊസൈറ്റി 15ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയെങ്കിലും തുക കൂടുതലാണെന്ന് കാട്ടി അനുമതി നൽകിയിരുന്നില്ല
ശില്പം അതേപടി നീക്കം ചെയ്യുക പ്രായോഗികമല്ലെന്നാണ് പരിശോധനാ സംഘത്തിന്റെ വിലയിരുത്തൽ
ഡയമണ്ട് കട്ടറുപയോഗിച്ച് മൂന്ന് പീസുകളാക്കി മാറ്റാമെന്ന് കണ്ടെത്തിയെങ്കിലും പുനഃസംയോജനം സാദ്ധ്യമാണോയെന്നതിൽ സംശയം
മൂന്നംഗ എൻജിനീയറിംഗ് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |