
ചെന്നിത്തല: തൃപ്പെരുന്തുറ 16-ാം വാർഡ് കോട്ടമുറിയിൽ കൊറ്റോട്ട് കാവിൽ രാഘവൻ (96), ഭാര്യ ഭാരതി (85) എന്നിവരെ മകൻ വിജയൻ(65) ചുട്ടു കൊന്നത് ആസൂത്രിതകൊലപാതകമാണെന്ന് പൊലീസ്. ഭാര്യയും രണ്ടു മക്കളുമായി വർഷങ്ങളായി അകന്നു കഴിയുന്ന വിജയൻ എണ്ണയ്ക്കാട്ടുള്ള ഒരു വാടക വീട്ടിലും പിന്നീട് കടത്തിണ്ണകളിലുമായി ജീവിതം നയിച്ച് വരവേ കഴിഞ്ഞ ആഗസ്റ്റിലാണ് മാതാപിതാക്കളുടെ അടുത്തെത്തിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വഴക്കിടാറുള്ള വിജയൻ തല്ലിക്കൊല്ലുമെന്ന് മിക്കപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മദ്യപിച്ച് വീട്ടിലെത്തി വഴക്കിടാറുള്ള വിജയൻ മാതാപിതാക്കളെ ഉപദ്രവിക്കാറുമുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ചെത്തി വഴക്ക് കൂടിയ വിജയൻ പിതാവ് രാഘവനെ മർദ്ദിക്കുകയും കൈയ്ക്ക് പരിക്കേൽപ്പിക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിൽ വിജയനെതിരെ സഹോദരിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനും മാതാപിതാക്കളും ഇന്നലെ രാവിലെ 10ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു.
മാതാപിതാക്കളെ ചുട്ടുകൊല്ലുന്നതിനായി വിജയൻ ദിവസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പുകൾ നടത്തിയതായി തെളിവുകൾ സൂചിപ്പിക്കുന്നു. പല ദിവസങ്ങളിലായി പലയിടങ്ങളിൽ നിന്നായി ഏഴ് കുപ്പികളിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചതായിട്ടാണ് കരുതുന്നത്. പ്രായിക്കരയിലെ ഒരു പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. മറ്റു പമ്പുകളിലുംഅന്വേഷണം നടത്തി വരികയാണ്. കത്തിക്കരിഞ്ഞ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് ഒരു കുപ്പിയിൽ പാതി പെട്രോൾ കണ്ടെത്തിയിരുന്നു. അടുക്കളയും ഒരു കിടപ്പ് മുറിയും ഇടനാഴിയുമുള്ള വീട്ടിൽ മാതാപിതാക്കൾ ഒരു മുറിയിലും വിജയൻ ഇടനാഴിയിലുമാണ് കിടന്നിരുന്നത്. മാതാപിതാക്കൾ കിടന്ന മുറിയിലേക്കും മറ്റും പെട്രോൾ ഒഴിച്ച ശേഷം ഇടനാഴിയിൽ നിന്നുകൊണ്ട് തുണിയിൽ തീകത്തിച്ച് എറിയുകയായിരുന്നെന്നാണ് വിജയൻ പൊലീസിനോട് പറഞ്ഞത്.
ആത്മഹത്യയും ലക്ഷ്യമിട്ടു
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനും വിജയൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതിനാൽ ആത്മഹത്യയിലേക്ക് നീങ്ങിയില്ല. സംഭവ സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ വയലിനക്കരെയുള്ള വീടിന് സമീപത്ത് പ്രതി നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രണ്ട് വഴികളിലൂടെയെത്തിയാണ് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. പ്രകോപിതരായ നാട്ടുകാരുടെ മർദ്ദനമേൽക്കാതിരിക്കാൻ പൊലീസ് സംരക്ഷണം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |