ആലപ്പുഴ : വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊഴികെ കേന്ദ്ര ബഡ്ജറ്റിലെ നിർദ്ദേശങ്ങളിൽ ജില്ലയ്ക്ക് ആശ്വസിക്കാൻ ഒന്നുമില്ല. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ യാതൊരു നിർദ്ദേശവുമില്ലാത്തത് കുട്ടനാട് മേഖലയിലെ കർഷകരെ നിരാശരാക്കി. വെട്ടിക്കുറച്ച രാസവള സബ്സിഡി പുനഃസ്ഥാപിക്കാൻ നിർദ്ദേശമില്ലാത്തതും തിരിച്ചടിയായി.
ഓരുമുട്ട് സ്ഥാപിക്കലുൾപ്പെടെ സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്ത കുട്ടനാട് പാക്കേജ് പൂർത്തീകരിക്കുന്നതിന് കാര്യമായ സഹായമൊന്നും ബഡ്ജറ്റിലില്ല. കേന്ദ്രീയ വിദ്യാലയം, എൻ.ടി.പി.സി പുനരുദ്ധാരണം, ഹാർബറുകളുടെയും ആലപ്പുഴ തുററമുഖത്തിന്റെയും വികസനം എന്നിവയ്ക്കുള്ള കാത്തിരിപ്പും വെറുതെയായി.
പരമ്പരാഗത വ്യവസായമായ കയറിന്റെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുന്നതിനൊപ്പം കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യവൽക്കരണത്തിനുമുള്ള പദ്ധതികളിലും ശുപാർശകളില്ല. ചെമ്മീനുൾപ്പെടെ സമുദ്രോൽപ്പന്നങ്ങളുടെ സംസ്കരണത്തിനും കയറ്റുമതിയ്ക്കും സഹായകരമായ യാതൊരുനിർദേശവും ബഡ്ജറ്റിൽ ഉൾപ്പെട്ടില്ല.
വിനോദ സഞ്ചാര മേഖലയിൽ പ്രതീക്ഷയുടെ ചിറകടി
1. ഹോം സ്റ്റേകൾക്ക് മുദ്രാലോൺ സഹായം ലഭ്യമാക്കുന്നതും ഹോട്ടൽ വ്യവസായങ്ങൾക്ക് പ്രഖ്യാപിച്ച നികുതി ഇളവുകളും വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകും
2. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജില്ലയും ഇടം നേടിയേക്കും
3. ഹോം സ്റ്റേകൾക്ക് മുദ്ര ലോണിന് പുറമേ ഹോട്ടൽ സ്കീമുകളുടെ കീഴിലുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന പ്രഖ്യാപനം ആശ്വാസം
4. ഹോട്ടലുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളും പ്രീമിയം ഹോട്ടലുകൾക്ക് ജി.എസ്.ടി 12 ശതമാനമായി കുറച്ചതും ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കും
5. വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കുള്ള വിസ ഇളവുകൾ കൊവിഡിന് ശേഷം മന്ദീഭവിച്ച വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതൽ ഉത്തേജനം പകരും
6. വിനോദസഞ്ചാരരംഗത്തെ സ്വകാര്യ പങ്കാളിത്തം ടൂറിസം വികസനത്തിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും ഒരുക്കും.
സാധാരണക്കാരേയും കർഷകരേയും തെരുവുകച്ചവടക്കാരേയും അടക്കം എല്ലാവരേയും ചേർത്തുപിടിച്ച കേന്ദ്ര ബഡ്ജറ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവാണ് അനുവദിച്ചിട്ടുള്ളത്. വരാൻ പോകുന്നത് അവസരങ്ങളുടേയും സാമ്പത്തിക കുതിപ്പിന്റെയും ദിനങ്ങളാണ്
- അഡ്വ. പി.കെ ബിനോയ്. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ്
'ന്യൂസ് ഹൈലൈറ്റ് ' ബഡ്ജറ്റെന്ന് കെ.സി.വേണുഗോപാൽ
ആലപ്പുഴ: ജനങ്ങളെ കബളിപ്പിച്ച് വാർത്തകളിൽ ഇടം പിടിക്കാനുള്ള 'ന്യൂസ് ഹൈലൈറ്റ്' ബഡ്ജറ്റാണ് ധനമന്ത്രിയുടേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ആദായനികുതിയിളവ് പ്രഖ്യാപിച്ചത് മദ്ധ്യവർഗത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാർത്തയാണ്. പക്ഷെ, രാജ്യത്ത് മോദി സർക്കാർ നടപ്പാക്കിയ നികുതി ഭീകരതയ്ക്കും തെറ്റായ നയങ്ങൾക്കും ശേഷമുള്ള ചെറിയ തിരുത്തൽ മാത്രമാണ് ഈ നടപടി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലഘട്ടത്തിൽ, നികുതി പരിധി ഇളവിന്റെ പ്രയോജനം എത്ര പേർക്കാണ് ലഭിക്കുക. അടിസ്ഥാന ശമ്പളത്തിൽ കാര്യമായ വർദ്ധനവില്ലാത്ത അവസ്ഥയിൽ നികുതി ഇളവ് പരിധിയുടെ ഗുണം ലഭിക്കുന്നത് രാജ്യത്തെ ജനസംഖ്യയിൽ വളരെ കുറച്ചുപേർക്ക് മാത്രമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |