ആലപ്പുഴ: കലവൂർ കേരള ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി (ഹോംകോ)യിൽ സ്പിരിറ്റിന്റെ അഭാവത്താൽ തുള്ളി മരുന്ന് ഉത്പാദനം നിലച്ചിട്ട് രണ്ടാഴ്ച. സ്പിരിറ്റെത്തിക്കാനുള്ള പെർമിറ്റ് ഡിസ്റ്റിലറി ജീവനക്കാരന്റെ കൈയ്യിൽ നിന്ന് നഷ്ടമായതോടെ മദർ ടിഞ്ചർ,ഡയല്യൂഷൻ (കാറ്റഗറി ഒഫ് മെഡിസിൻ) മരുന്നുകളുടെ ഉത്പാദന പ്രധാനമായും നിലയ്ക്കുകയായിരുന്നു. ഇതോടെ സർക്കാർ ആശുപത്രികളിലേക്കുള്ള തുള്ളിമരുന്ന് വിതരണം താറുമാറായി.
ആന്ധ്രയിലെ ഡിസ്റ്റിലറിയിൽ നിന്ന് ഹോംകോയിലേക്ക് 20,000ലിറ്റർ സ്പിരിറ്റ് കൊണ്ടുവരുന്നതിനുള്ള പെർമിറ്റ് ഒരുമാസം മുമ്പ് എക്സൈസ് കമ്മിഷണറാണ് നൽകിയത്. തുടർന്ന് ആന്ധ്രയിലെ എക്സൈസ് കമ്മിഷണറിൽ നിന്ന് എക്സ്പോർട്ട് പെർമിറ്റ് വാങ്ങുന്നതിനായി പോകും വഴിയാണ് ഡിസ്റ്റിലറി ജീവനക്കാരന്റെ കൈയിൽ നിന്ന് പെർമിറ്റ് നഷ്ടമായത്. ഉടൻ എക്സൈസിനും ആന്ധ്ര പൊലീസിലും പരാതി നൽകിയതിന് പിന്നാലെ എക്സൈസ് കമ്മിഷണർ നഷ്ടപ്പെട്ട പെർമിറ്റ് റദ്ദാക്കി. ഹോംകോ അധികൃതരിൽ നിന്ന് 10,000രൂപ പിഴ ഈടാക്കിയ ശേഷം പുതിയ പെർമിറ്റ് അനുവദിച്ചു. ഇന്ന് 20,000ലിറ്ററിന്റെ ലോഡ് എത്തുമെന്ന് ഹോംകോ അധികൃതർ വ്യക്തമാക്കി. സ്പിരിറ്റ് എത്തിയാലും ഗുണനിലവാര പരിശോധന പൂർത്തിയായാലേ മരുന്ന് ഉത്പാദനം ആരംഭിക്കാൻ കഴിയുകയുള്ളൂ. ഇതിന് മൂന്ന് ദിവസം വേണ്ടിവരും.
രണ്ടാഴ്ച പിന്നിട്ടു
ജലദോഷം,വൈറൽ പനി ,അലർജി,ത്വക്ക്,സാംക്രമിക രോഗങ്ങൾ,കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന വിവിധ ഇനം തുള്ളിമരുന്നുകളുടെ ഉത്പാദനമാണ് കഴിഞ്ഞ രണ്ടാഴ്ചയായി നിലച്ചത്
90 ശതമാനം സ്പിരിറ്റിലാണ് ഡയല്യൂഷൻ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ഗുളിക,പൊടി എന്നിവയിലും വെള്ളത്തിൽ ചേർത്തുമാണ് ഡയല്യൂഷൻ മരുന്ന് ഉപയോഗിക്കുന്നത്. വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് മദർടിഞ്ചർ.
ആന്ധ്രയിലെ ഡിസ്റ്റിലറി ജീവനക്കാരനിൽ നിന്ന് പെർമിറ്റ് നഷ്ടപെട്ടതിനാലാണ് സ്പിരിറ്റ് കൊണ്ടുവരാൻ കഴിയാത്തത്. പുതിയ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ലോഡ് ഇന്നെത്തും
- ഹോംകോ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |