ആലപ്പുഴ: വേനൽച്ചൂട് കടുത്തതോടെ നാടാകെ തീപിടിത്തം പതിവായി. ജനുവരിയിൽ ജില്ലയിൽ ചെറുതും വലുതുമായി 124 തീപിടിത്തങ്ങളാണ് ഉണ്ടായത്. ആലപ്പുഴ ഫയർ സ്റ്റേഷൻ പരിധിയിൽ മാത്രം 42 തീപിടിത്തങ്ങളുണ്ടായി.
ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, തകഴി, ചേർത്തല, അരൂർ എന്നീ സ്റ്റേഷനുകളുടെ പരിധികളിലും ദിവസേന അഗ്‌നിബാധകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരേസമയം പലയിടങ്ങളിലായിട്ടുണ്ടാകുന്ന അഗ്‌നിബാധ കാരണം ഓടിക്കിതയ്ക്കുകയാണ് ഫയർഫോഴ്‌സ്.
ആലപ്പുഴ നഗരസഭയുടെ പലഭാഗങ്ങളിലും പ്‌ളാസ്റ്റിക് മാലിന്യശേഖരത്തിന് തീപിടിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. മിനിട്ടുകൾക്കുള്ളിൽ പ്രദേശമാകെ വിഷപ്പുക നിറയുന്നത് വൻ പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും.
പൊതു ഇടങ്ങളിലെ മാലിന്യക്കൂനകളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റു കുറ്റികളാണ് പലപ്പോഴും തീപിടിത്തതിന് കാരണം.
കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് മാലിന്യത്തിന് തീയിടുന്നത് കുറ്റകരമാണ്. നടപടി സ്വീകരിക്കാതെ പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും നോക്കിനിൽക്കുമ്പോഴാണ് അപകടങ്ങൾ പെരുകുന്നത്. ജില്ലയിൽ തീപിടിത്തം വർദ്ധിച്ച സാഹചര്യത്തിൽ ഫയർഫോഴ്‌സ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ജനുവരിയിലെ
തീപിടിത്തങ്ങൾ:124
അഗ്നിസുരക്ഷ പ്രധാനം
ഓഫീസുകളിലും വീടുകളിലും വെന്റിലേഷൻ സൗകര്യം വേണം
പാഴ് വസ്തുക്കളും കടലാസുകളും നീക്കം ചെയ്യണം
പുറത്ത് കേൾക്കുന്ന തരത്തിൽ അലാറം സജ്ജമാക്കണം
ഫയലുകളും രേഖകളും ഡിജിറ്റലായി സൂക്ഷിക്കണം
പ്രാഥമിക അഗ്‌നിരക്ഷാ പരിശീലനം നൽകണം
രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം
രക്ഷാപ്രവർത്തനത്തിന് തടസമില്ലാത്ത വിധം റോഡ് സജ്ജമായിരിക്കണം
ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തി അപാകതകൾ പരിഹരിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |