ആലപ്പുഴ: അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായതോടെ ക്ഷീരകർഷകർ ആശങ്കയിൽ.
താപനില വർദ്ധിക്കുന്നത് കന്നുകാലികളുടെ ആരോഗ്യത്തെയും പാൽ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതാണ് കാരണം.
മൃഗങ്ങൾക്ക് വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗം ചൂടാകും. ശ്വസന നിരക്ക് വർദ്ധിക്കും. ഇതോടെ തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്യും. തുറസായ പ്രദേശത്ത് മേയ്ക്കുന്നതിലൂടെ നിർജലീകരണം കാരണം പശുക്കൾക്ക് മരണം വരെ സംഭവിക്കാം.
മൃഗങ്ങളെ പോല തന്നെ കോഴി, താറാവ് എന്നിവയിൽ വൈറസ് രോഗവ്യാപനത്തിനും സാദ്ധ്യത കൂടുതലാണ്. വളർത്തുപക്ഷികളെ ബാധിക്കുന്ന സാംക്രമിക രോഗമാണ് കോഴിവസന്ത. ദേശാടനപക്ഷികൾ, കാട്ടുപക്ഷികൾ, അന്യനാടുകളിൽനിന്ന് കൊണ്ട് വരുന്ന പ്രാവ്, തത്ത അടക്കമുള്ള പക്ഷികളാണ് വൈറസ് വാഹകർ. സമ്പർക്കത്തിലൂടെയും കാഷ്ഠം കലർന്ന് മലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവ വഴിയും വസന്ത രോഗം പടരാം.
പാൽ ഉത്പാദനത്തെ ബാധിക്കും
1.ചൂടിന് കാഠിന്യം കൂടുമ്പോൾ തുറസായ സ്ഥലത്ത് മൃഗങ്ങളെ മേയാൻ വിടരുത്. ഉദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും കൂടുതൽ തീറ്റ നൽകണം, പരമാവധി പച്ചപ്പുല്ല് കൊടുക്കാൻ ശ്രദ്ധിക്കണം
2.ദിവസവും കുറഞ്ഞത് 60 ലിറ്റർ വെള്ളം ഓരോ കന്നുകാലിക്കും നൽകണം. കഴിവതും തൊഴുത്തിലോ മരത്തണലിലോ വേണം കെട്ടിയിടാൻ. ശരീരം തണുക്കാൻ ചണച്ചാക്ക് നനച്ച് മൃഗങ്ങളുടെ ദേഹത്ത് ഇടുന്നത് നല്ലതാണ്
3. തീറ്റയിൽ കലർത്തി 50 ഗ്രാം സോഡാകാരം ദിവസവും നൽകണം. തൊഴുത്തിൽ ഫാൻ വയ്ക്കണം. അല്ലെങ്കിൽ തൊഴുത്തിന്റെ 75 ശതമാനം നെറ്റ് പാകുകയോ, മേൽക്കൂര ഓലമേയുകയോ വേണം
വേനൽകാലത്ത് കന്നുകാലികൾക്ക് പരമാവധി പച്ചപ്പുല്ല് നൽകാൻ ശ്രദ്ധിക്കണം. ശരീരം ചൂടായാൽ തീറ്റയെടുക്കാൻ ബുദ്ധിമുട്ട് കാണിക്കും. മൃഗാശുപത്രിയിൽ നിന്നുള്ള മാർഗനിർദേശങ്ങൾ പാലിക്കണം
- ഡോ.എസ്.രമ, ചീഫ് വെറ്ററിനറി ഓഫീസർ,
ജില്ലാമൃഗസംരക്ഷണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |