SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 AM IST

പ്രസവ ശസ്ത്രക്രിയയിൽ ജില്ലയിൽ വൻവർദ്ധന

ആലപ്പുഴ: സംസ്ഥാന ശരാശരിയെയും മറികടന്ന് ജില്ലയിൽ പ്രസവ ശസ്ത്രക്രിയാ നിരക്ക് ഉയരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) ഏ​റ്റവും പുതിയ റിപ്പോർട്ടിലാണ് ആലപ്പുഴയിൽ സിസേറിയൻ നിരക്ക് 56 ശതമാനമായെന്ന് വ്യക്തമാക്കുന്നത്. ഇത് സംസ്ഥാന ശരാശരിയെക്കാൾ 12 ശതമാനം കൂടുതലാണ്.

അസാധാരണ വൈകല്യങ്ങളുമായി കുഞ്ഞുപിറക്കുകയും വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കൈകൾക്ക് ചലനശേഷി നഷ്ടമാകുകയും ചെയ്‌തെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ ഇനിയും സിസേറിയൻ നിരക്ക് കൂടാനാണ് സാദ്ധ്യത. വലിയൊരു വിഭാഗം ഗർഭിണികൾക്കും സിസേറിയനോടാണ് പ്രിയം. സാധാരണ പ്രസവം സാദ്ധ്യമാകുന്ന സ്ത്രീകളെ പോലും റിസ്ക് ഒഴിവാക്കാനായി ഡോക്ടർമാർ സിസേറിയന് പ്രേരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

ഹൈറിസ്‌ക് പ്രഗ്‌നൻസിവിഭാഗത്തിലുള്ള സ്ത്രീകൾ (ഉയർന്ന അപകടസാദ്ധ്യതയുള്ളവർ) മ​റ്റുജില്ലകളെക്കാൾ ആലപ്പുഴയിൽ കുറവാണ്. 11 ശതമാനം പേരാണ് ഈ വിഭാഗത്തിലുള്ളത്. എന്നാൽ, 20ശതമാനം പേരെ കണ്ടെത്തിയ പാലക്കാട് ജില്ലയിൽ സിസേറിയൻ നിരക്ക് 39 ശതമാനം മാത്രമാണ്. എന്നിട്ടും ആലപ്പുഴയിൽ സിസേറിയൻ നിരക്കുയരാൻ കാരണം ഡോക്ടർമാർക്ക് നേരെ ഉയരുന്ന ആരോപണങ്ങളാണ്.

ജില്ലയിൽ സിസേറിയൻ നിരക്ക്

56%

സംസ്ഥാന ശരാശരിയെക്കാൾ 12 ശതമാനം കൂടുതൽ

 ആലപ്പുഴയിൽ സിസേറിയൻ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ 12 ശതമാനം കൂടുതലാണ്

 കൊല്ലം (54), പത്തനംതിട്ട(53), ഇടുക്കി(53), എറണാകുളം(52) എന്നിവിടങ്ങളിലും സിസേറിയൻ നിരക്ക് കൂടുതലാണ്.

 തിരുവനന്തപുരം,കോട്ടയം, തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 50ശതമാനത്തിൽ താഴെയാണ്

 കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് സിസേറിയൻ നിരക്ക്. 34 ശതമാനം.

പ്രശ്‌നം കണ്ടാൽ കൈവിടും

പ്രസവക്കേസുകളിൽ നേരിയ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതാണ് താലൂക്ക് ആശുപത്രികളുടെ പതിവ്. അവിടെയും സ്ഥിതി മോശമെന്ന് തോന്നിയാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓടിക്കും.എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ കേസുമായി പൊലീസ് ​സ്റ്റേഷൻ കയറിയിറങ്ങേണ്ടി വരുമെന്ന പേടിയാണ് രോഗികളെ ഇത്തരത്തിൽ കൈവിട്ടുകളയാൻ പ്രേരിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL