ആലപ്പുഴ : കുട്ടനാട് ഉൾപ്പടെ ജില്ലയിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാഭരണകൂടവും കൃഷിവകുപ്പും നടപടി തുടങ്ങി. ആവശ്യമായ കൊയ്‌ത്ത് യന്ത്രങ്ങൾ എത്തിക്കാനും കൊയ്‌ത ഉടനെ നെല്ല് സംഭരിക്കാനുമുള്ള നടപടികൾ പാഡി ഓഫീസർമാരുടെ നേതൃത്വത്തിൽ സ്വീകരിക്കാനും മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കൂടുതൽ യന്ത്രങ്ങൾ ലഭ്യമാക്കാമെന്ന് കൊയ്‌ത്ത് യന്ത്രങ്ങളുടെ ഏജന്റുമാരും ഉറപ്പ് നൽകി. ആന്ധ്ര, തമിഴ്നാട് എന്നിവടങ്ങളിൽ നിന്ന് 400 യന്ത്രങ്ങൾ എത്തിക്കാനാണ് തീരുമാനം.
ഒരു ഏക്കർ പാടത്തെ കൊയ്ത്ത് പരമാവധി ഒന്നരമണിക്കൂറിൽ പൂർത്തിയാക്കണമെന്ന് നിർദ്ദശമുണ്ടെങ്കിലും പലപ്പോഴും രണ്ടുമുതൽ രണ്ടര മണിക്കൂർ വരെ എടുക്കാറുണ്ട്. ഇതോടെ 2100 രൂപയോളം കർഷകന് അധികമായി കൊടുക്കേണ്ടി വരും. സർക്കാർ തീരുമാനത്തിൽ നിന്ന് വ്യത്യസ്‌തമായി യന്ത്രങ്ങൾ കൂടുതൽ സമയം കൊയ്ത്തിന് എടുക്കുന്നില്ലെന്ന് ആർ.ആർ.ടി സംഘം ഉറപ്പ് വരുത്തും. മില്ലുടമകൾ അധികമായി കിഴിവ് വാങ്ങുന്നെന്ന പരാതികളും സംഘം പരിശോധിക്കും. പ്രത്യക നോഡൽ ഓഫീസർമാരെയും നിശ്ചയിക്കും
യന്ത്രത്തിന്റെ പേരിൽ തട്ടിപ്പ് വേണ്ട
1.സർക്കാർ നിരക്കിനെക്കാൾ കൂടുതൽ വാടക യന്ത്രമെത്തിക്കുന്ന ഏജന്റുമാർ ഈടാക്കുന്നതായി ആക്ഷേപമുണ്ട്
2.ജില്ല ഭരണകൂടമോ കൃഷിവകുപ്പോ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി
3.കഴിഞ്ഞ കൊയ്ത്തിന് യന്ത്രങ്ങളുടെ നിരക്ക് മണിക്കൂറിന് പരമാവധി 2000രൂപയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്
4.എന്നാൽ, 2,100 മുതൽ 2,500രൂപ വരെ കർഷകരിൽ നിന്ന് വാങ്ങിയതായി പരാതിയുണ്ട്
ആവശ്യമുള്ള കൊയ്ത്ത് യന്ത്രങ്ങൾ : 600
ലഭ്യമായത് : 400
കൊയ്ത്ത് യന്ത്ര വാടക (മണിക്കൂറിന്)
₹2,100 - 2,200
പുഞ്ച കൊയ്‌ത്തിനുള്ള യന്ത്രങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനൊപ്പം സർക്കാർ നിശ്ചയിച്ച വാടക മാത്രം കർഷകരിൽ നിന്ന് ഈടാക്കാനുള്ള നടപടിയും ഉണ്ടാകണം
- ജെയ്സപ്പൻ മത്തായി, ജില്ലാ പ്രസിഡന്റ്, കേരളകോൺഗ്രസ് (ബി)
യന്ത്രങ്ങൾക്ക് അധിക വാടക ഈടാക്കുന്ന ഏജന്റുമാരെ നിരീക്ഷിക്കാൻ സംവിധാനം വേണം
- ബേബി പാറക്കാടൻ, പ്രസിഡന്റ്, നെൽ,നാളികേര കർഷക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |