ആലപ്പുഴ: ലഹരി വിമോചന ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന ഓറൽ സബ് സ്റ്റിറ്റ്യൂഷൻ തെറാപ്പി സെന്ററുകളിൽ (ഒ.എസ്.ടി) മതിയായ സുരക്ഷയില്ലാത്തത് മരുന്നുകളുടെ ദുരുപയോഗത്തിനും ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കും ഇടയാക്കുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള ഒ.എസ്.ടി സെന്ററിൽ ഏതാനും ആഴ്ചമുമ്പ് ജീവനക്കാരും തെറാപ്പിയ്ക്കെത്തിയ യുവാവും തമ്മിൽ മരുന്നുതട്ടിയെടുത്തെന്നാരോപിച്ചുണ്ടായ
തർക്കം മർദ്ദനവും, കേസിലും യുവാവിന്റെ റിമാന്റിലും കലാശിച്ചിരുന്നു. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.
ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റികൾ കറങ്ങിപോകുമെന്നല്ലാതെ ഒ.എസ്.ടി സെന്ററിൽ സ്ഥിരം സുരക്ഷാ ജീവനക്കാരില്ല. മരുന്ന് വിതരണ സ്ഥലത്ത് കാമറ നിരീക്ഷണവുമില്ല. മരുന്ന് വാങ്ങാനെത്തുന്നവരിൽ ചിലർ അക്രമാസക്തരാകുന്ന പ്രകൃതക്കാരായതിനാൽ ഇവരെ നിർബന്ധിച്ച് മരുന്ന് കഴിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല.
ഇത്തരത്തിൽ പൊതിരൂപത്തിൽ കരസ്ഥമാക്കുന്ന മരുന്ന്, സമീപത്തെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ നിന്നുള്ള സിറിഞ്ചുകളും സ്റ്റെറൈൽഡ് വാട്ടറും ലഹരിമാഫിയ സംഘം വ്യാപകമായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം മരുന്ന് ദുരുപയോഗം ലഹരിവിമുക്ത ചികിത്സയെന്ന ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണ്.
കടത്തിനും വിൽപ്പനയ്ക്കും ഒത്താശ?
#ഒ.എസ്.ടി സെന്ററുകളിൽ നിന്ന് ലഹരിവിമുക്ത ചികിത്സയ്ക്കായി നൽകുന്ന മരുന്ന് ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു
# എന്നാൽ, മറ്റേതോ ഒ.എസ്.ടി സെന്ററിൽ നിന്നുള്ള മരുന്നും സിറിഞ്ചുമാണ് ദുരുപയോഗം ചെയ്യുന്നതെന്ന തരത്തിലായിരുന്നു ജീവനക്കാരുടെ പ്രതികരണം
# അതേസമയം, ഇതോടൊപ്പമുള്ള വോയ്സ് ക്ളിപ്പിൽ നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് കടത്തിയ മരുന്നാണ് ഇതെന്ന് വ്യക്തമായിരുന്നു
# ചില ജീവനക്കാരുടെ സഹായം സ്ഥിരമായി മരുന്ന് കടത്തിക്കൊണ്ടുപോകാൻ ലഭിക്കുന്നതായുള്ള ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു സംഭവം
# ആലപ്പുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ചും ചേർത്തല താലൂക്ക് ആശുപത്രിയിലുമാണ് ജില്ലയിൽ ഒ.എസ്.ടി സെന്റർ പ്രവർത്തിക്കുന്നത്
.............................
മരുന്ന് ദുരുപയോഗം ഗൗരവമുള്ള വിഷയമാണ്. ജനറൽ ആശുപത്രി ഒ.എസ്.ടി സെന്ററിന്റെ സുരക്ഷയ്ക്കായുള്ള പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാലുടൻ ആവശ്യമായ സുരക്ഷാനടപടികൾ കൈക്കൊള്ളും
- സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |