ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയായ മകനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പുന്നപ്ര പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കല്ലുപുരക്കൽ വീട്ടിൽ ദിനേശൻ (50) കൊല്ലപ്പെട്ട സംഭവത്തിലാണ് അയൽവാസിയും കേസിലെ ഒന്നാം പ്രതിയുമായ കൈതവളപ്പ് വീട്ടിൽ കിരണിനെ (28) കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമായി കസ്റ്റഡിയിൽ വാങ്ങുന്നത്.
മറ്റു പ്രതികളായ കിരണിന്റെ പിതാവ് കുഞ്ഞുമോൻ (55), അമ്മ അശ്വമ്മ (അശ്വതി -50) എന്നിവരും റിമാൻഡിലാണ്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പൊലീസിന് ശേഖരിക്കേണ്ടതുണ്ട്. ദിനേശനെ ഷോക്ക് അടിപ്പിച്ച് കൊല്ലാൻ ഉപയോഗിച്ച ചെമ്പ് കോയിലും കമ്പിയും കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കായി കോടതിയുടെ അനുമതിയോടെ അടുത്ത ദിവസം കൈമാറുമെന്നും അശ്വമ്മയുമായുള്ള അടുപ്പത്തിന്റെ പേരിൽ ദിനേശനെ രണ്ടുവർഷം മുമ്പ് കിരൺ വെട്ടി പരിക്കേല്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വൈദ്യുതി മോഷണത്തിനും കേസ്
ഒന്നാം പ്രതി കിരണിനെതിരെ വൈദ്യുതി മോഷണത്തിന് പുന്നപ്ര പൊലീസ് കേസെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതി പതിവായി വൈദ്യുതി മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. മീറ്ററിൽ കൃത്രിമം കാട്ടി
വീട്ടുഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതിനും ദിനേശനെ കൊലപ്പെടുത്താൻ
വൈദ്യുതി മോഷ്ടിച്ചതിനുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ പരാതിയിൽ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |