ആലപ്പുഴ : തിരക്കേറിയ കായംകുളം- പുനലൂർറോഡ് കായംകുളം- തൂത്തുക്കുടി ദേശീയ പാതയുടെ ഭാഗമാകുന്നതോടെ കായംകുളം നഗരത്തിന്റെയും സമീപപ്രദേശങ്ങളിലെ പത്തോളം ജംഗ്ഷനുകളുടെയും മുഖംമാറും. പാതയുടെ പ്രാഥമിക സർവേയാണ് പൂർത്തിയായത്.
കായംകുളം മുതൽ പുനലൂർവരെയുള്ള 57 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ദേശീയ പാത 66ൽ നിന്നാണ് ആരംഭിക്കുന്നത്. ഇത് തൂത്തുക്കുടി ദേശീയപാതയാകുമ്പോൾ വലിയ വികസനം നടക്കുന്ന ആദ്യ പ്രധാനജംഗ്ഷൻ കായംകുളം പൊലീസ് സ്റ്റേഷനാണ്.
നിലവിലെ കായംകുളം - മാവേലിക്കര റോഡ് ദേശീയപാത 66ൽ നിന്ന് മൂന്നാറിലേക്കുള്ള പ്രധാന പാതയായി വികസിക്കാനിരിക്കെ മൂന്നാർ റോഡും തൂത്തുക്കുടി റോഡും സംഗമിക്കുന്ന പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ അഞ്ഞൂറ് മീറ്ററിലധികം ചുറ്റളവിൽ വലിയ ജംഗ്ഷനായി മാറും. പൊലീസ് സ്റ്റേഷനും ട്രഷറിയുമുൾപ്പെടുന്ന സർക്കാർ, സ്വകാര്യ ഭൂമികൾ ഏറ്റെടുത്താകും വികസനം. എത്രത്തോളം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് വരുംഘട്ടങ്ങളിലേ വ്യക്തമാകുകയുള്ളൂ.
ഏറ്റവുമധികം വാഹനപ്പെരുപ്പമുള്ള കായംകുളം -പുനലൂർ റോഡ് വീതിക്കുറവ് കാരണം സ്ഥിരം അപകടമേഖലണ്. കായംകുളം മുതൽ കറ്രാനം തഴവ ജംഗ്ഷൻ വരെ കഷ്ടിച്ച് 7 മീറ്ററാണ് റോഡിന് വീതി. ചാരുംമൂട് മുതൽ അടൂർ വരെ ഏഴ് മീറ്ററിലധികം വീതിയുണ്ടെങ്കിലും തൂത്തുക്കുടി ദേശീയ പാതയാക്കി മാറ്റുന്നതോടെ 24മീറ്ററിൽ നാലുവരിപ്പാതയാക്കി വികസിപ്പിക്കും.
ജംഗ്ഷനുകളും പാലങ്ങളും വികസിക്കും
1. കായംകുളം- പുനലൂർ പാതയുടെ ഭാഗമായുള്ള രണ്ട് മേജർ പാലങ്ങളും മൂന്ന് ചെറിയ പാലങ്ങളുമുൾപ്പെടെ അഞ്ച് പാലങ്ങൾ വീതി കൂട്ടി വികസിപ്പിക്കണം
2. പത്തനാപുരം - പുനലൂർ മണ്ഡലങ്ങളുടെ അതിർത്തിയിൽ കല്ലടയാറിന് കുറുകെയാണ് കെ.പി റോഡിൽ ഒരു പാലം നിർമ്മിക്കേണ്ടത്. 3. പത്തനാപുരത്താണ് രണ്ടാമത്തെ പ്രധാന പാലം. ഇത് കൂടാതെ പഴകുളം, അടൂർ, രണ്ടാം കുറ്രി എന്നിവിടങ്ങളിൽ കനാലുകൾക്ക് കുറുകെ പാലങ്ങൾ നിർമ്മിക്കണം.
വികസിക്കുന്ന ജംഗ്ഷനുകൾ
കായംകുളംപൊലീസ് സ്റ്റേഷൻ
രണ്ടാംകുറ്രി
കറ്റാനം
ചാരുംമൂട്
നൂറനാട്
ആദിക്കാട്ടുകുളങ്ങര
പഴകുളം
അടൂർ എച്ച്.എസ്
ഏഴംകുളം
പത്തനാപുരം
പുനലൂർ
കെ.പി റോഡിലൂടെ പ്രതിദിനം
കടന്നുപോകുന്ന വാഹനങ്ങൾ
25000
പ്രാഥമിക സർവേറിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അംഗീകാരം ലഭിച്ചാൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ഡി.പി.ആർ തയ്യാറാക്കി പദ്ധതിക്ക് അംഗീകാരം ലഭിച്ചശേഷമായിരിക്കും ഭൂമിയേറ്റെടുക്കലുൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുക
- ലാൻഡ് അക്വിസിഷൻ വിഭാഗം, എൻ.എച്ച്.എ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |