SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

മണ്ണ് ദൗർലഭ്യത്തിന് പരിഹാരമായില്ല,​ ദേശീയപാത നവീകരണം ഇഴയുന്നു

ആലപ്പുഴ: മുഖ്യമന്ത്രി ഇടപെട്ടിട്ടും മണ്ണ് ലഭ്യത ഉറപ്പാക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പാത നവീകരണത്തിൽ ഏറ്റവും പിന്നാക്കം തുടരുന്ന പറവൂർ- തുറവൂർ റീച്ചിലെ നിർമ്മാണത്തിന് ഇപ്പോഴും ഒച്ചിഴയും വേഗം. പറവൂർ- തുറവൂർ റീച്ചിലേക്ക് നഗരമദ്ധ്യത്തിലെ പുന്നമടക്കായലിലെ ദേശീയ ജലപാതയോട് ചേർന്ന ഭാഗത്ത് നിന്ന് മൂന്നുമീറ്റർ ആഴത്തിൽ മൂന്നര കിലോ മീറ്ററോളം സ്ഥലത്തെ നാല് ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഖനനം ചെയ്യാനായിരുന്നു തീരുമാനം. ഇതിനായി നിർമ്മാണ കമ്പനി പുന്നമടയിൽ ഡ്രഡ്ജറെത്തിക്കുകയും മണ്ണ് സൂക്ഷിക്കാനുള്ള യാ‌ർഡ് സജ്ജമാക്കുകയും ചെയ്തതല്ലാതെ ഖനനം ആരംഭിച്ചിട്ടില്ല. ഖനനം ചെയ്യുന്ന മണ്ണിന് വിലയും റോയൽട്ടിയും സർക്കാർ ഒഴിവാക്കി നൽകിയതോടെ ഖനനം ചെയ്തുകൊണ്ടുപോകുന്ന മണ്ണിന്റെ അളവ് തിട്ടപ്പെടുത്തുന്ന ജോലി മാത്രമാണ് മൈനിംഗ് ആന്റ് ജിയോളജി വിഭാഗത്തിനുള്ളത്. ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഖനനത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഖനനവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ നെൽകർഷകരുൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിക്കുകയും ശാസ്ത്രീയ പരിശോധന ഇക്കാര്യത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുഞ്ചക്കൊയ്‌ത്തിന് നെല്ല് പാകമാകുന്ന ഘട്ടത്തിൽ കായൽഖനനം ചെയ്ത് ആഴംകൂട്ടിയാൽ പാടശേഖരങ്ങളിൽ വെളളം ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്ന ആശങ്കയാണ് കർഷകർ അറിയിച്ചത്.

കായൽഖനനം വൈകുന്നു

1.ഖനനത്തിനായി ഇറിഗേഷൻ വകുപ്പിനും നിർമ്മാണ കമ്പനിക്കും സർക്കാർ അനുമതി നൽകിയെങ്കിലും റവന്യൂ, ജിയോളജി, ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് വേണ്ടത്ര ഏകോപനമില്ലാത്തതാണ് ഖനനം വൈകാൻ കാരണം. ഉദ്യോഗസ്ഥതല സംവിധാനം സജ്ജമാക്കുന്നതിനും ഇതുവരെയും നടപടിയായില്ല

2.വകുപ്പുകൾ തമ്മിലുള്ള തർക്കവും ഖനനം വൈകാൻ കാരണമായിട്ടുണ്ട്.

മണ്ണ് പരിശോധിക്കേണ്ടതും ലോഡ് തിട്ടപ്പെടുത്തേണ്ടതും മൈനിംഗ് ആന്റ് ജിയോളജിയാണെന്ന മട്ടിലാണ് ഇറിഗേഷൻ വകുപ്പ്. റോയൽട്ടി ഒഴിവാക്കിയ സാഹചര്യത്തിൽ തങ്ങൾക്ക് റോളില്ലെന്ന നിലപാടിലാണ് ജിയോളജിവകുപ്പ്

3.മണ്ണിന്റെ ക്ഷാമം കാരണം സംസ്ഥാനത്തുതന്നെ നിർമ്മാണത്തിൽ ഏറ്റവും പിന്നാക്ക അവസ്ഥയിൽ തുടരുന്ന പറവൂർ -തുറവൂർ റീച്ചിൽ ഈ മാസമെങ്കിലും മണ്ണ് എത്തേണ്ടത് ആവശ്യമാണ്. വേനൽ അവസാനിക്കുംമുമ്പ് ഉയരപ്പാതകളുടെ അപ്രോച്ച് റോഡുകളിലടക്കം മണ്ണിട്ട് ഉയർത്തി ബി.എം.ബിസിപൂർത്തിയാക്കേണ്ടതുണ്ട്

4.പുതിയ റോഡ് സജ്ജമാക്കിയാലേ നിലവിലെ റോഡും അതനുസരിച്ച് പുനർ‌നിർമ്മിക്കാൻ കഴിയൂ. കാലവർഷമെത്തിയാൽ പുന്നമടയിൽ നിന്ന് ഡ്രഡ്ജിംഗും മണ്ണെത്തിക്കലും എത്രമാത്രം പ്രായോഗികമാണെന്ന കാര്യവും ആശങ്കാജനകമാണ്.

..................................

മണ്ണെത്താത്താണ് പ്രശ്നം. ഡ്രഡ്ജിംഗ് ആരംഭിച്ചാൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കാൻ കമ്പനി തയ്യാറാണ്. ഡ്രഡ്ജറും മണ്ണ് സൂക്ഷിക്കാനുള്ള യാ‌ഡും തയ്യാറായിട്ട് ആഴ്ചകളായി. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലാണ് ആവശ്യം

- നിർമ്മാണകരാർ കമ്പനി, പറവൂർ- തുറവൂർ റീച്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL