SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

നഷ്ടപരിഹാരത്തിന് കൈക്കൂലി, ഫോൺ ചെയ്തയാളെ കണ്ടെത്താൻ സൈബർസെൽ അന്വേഷണം

ആലപ്പുഴ : പക്ഷിപ്പനി വ്യാപനം തടയാൻ കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരത്തുക ലഭിക്കാൻ കർഷകനോട് കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കടക്കരപ്പള്ളി സ്വദേശി എയ്ഞ്ചൽ ആന്റണിക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് 2000രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.വി.അരുണോദയ ജില്ലാ പൊലീസ് മേധാവിക്ക് 17നാണ് പരാതി നൽകിയത്. അന്വേഷണത്തിനായി ആലപ്പുഴ ഡിവൈ എസ്.പി മധുബാബുവിന് പരാതി കൈമാറി. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി 13നാണ് എയ്ഞ്ചൽ ആന്റണിക്ക് ഫോൺസന്ദേശം ലഭിച്ചത്. കൊന്നൊടുക്കിയ പക്ഷികൾക്കുള്ള നഷ്ടപരിഹാരത്തുകയായ 1,84,000രൂപ ലഭിക്കുന്നതിന് വേണ്ടരീതിയിൽ കാണണമെന്നായിരുന്നു ആവശ്യം. പ്രാരംഭചെലവിനായി 2000 രൂപ ഇതേ നമ്പരിൽ ഗൂഗിൾപേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. പണംനൽകാൻ കഴിയില്ലെന്ന് എയ്ഞ്ചൽ ആന്റണി മറുപടി പറയുകയും സംഭാഷണം റെക്കാഡ് ചെയ്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് ജന്തുരോഗ നിയന്ത്രണ വിഭാഗം നൽകിയ കണക്ക് അനുസരിച്ച് എയ്ഞ്ചൽ ആന്റണിക്ക് 80,000രൂപയാണ് നൽകാനുള്ളത്.

ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ?

1. നഷ്ടപരാഹാരത്തിനർഹരായ കർഷകരുടെ വിവരം ഉദ്യോഗസ്ഥരിൽ നിന്ന് ചോർന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാക്കും

2. നഷ്ടപരിഹാരം നൽകാനുള്ളവരുടെ പട്ടികയിൽ എയ്ഞ്ചൽ ആന്റണിയുൾപ്പെട്ട വിവരം എങ്ങനെ പുറത്തുപോയെന്ന് ചോദ്യം ഉയരുന്നു

3. ഓഫീസിൽ നിന്ന് രേഖകളോ കർഷകന്റെ വിവരമോ പുറത്ത് പോയിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികാരികൾ പറയുന്നത്

നഷ്ടപരിഹാരം 344കർഷകർക്ക് കൂടി

2024ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉൾപ്പെടെ 3,52,851പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗം ബാധിച്ച് 1,23,640 പക്ഷികൾചത്തു. ഇതിന്റെ നഷ്ടപരിഹാരമായി 906 കർഷകർക്കായി 2,42,60,432 രൂപയാണ് നൽകേണ്ടിയിരുന്നത്. ഇതിൽ 562കർഷകർക്കായി 2,35,30,937രൂപ വിതരണം ചെയ്തു. 344കർഷകർക്കായി 7,29,497രൂപ കൂടി വിതരണം ചെയ്യാനുണ്ട്. ബാങ്ക് അക്കൗണ്ട് രേഖകൾ നൽകുന്നതിലെ കാലതാമസമാണ് നഷ്ടപരിഹാരം വൈകാനിടയാക്കിയത്.

ആകെ വിതരണം ചെയ്യേണ്ട നഷ്ടപരിഹാരം

₹ 2,42,60,432

നഷ്ടപരിഹാരം ലഭിക്കേണ്ട കർഷകർ

കർഷകർ: 906

കൊന്നൊടുക്കിയ പക്ഷികൾക്കുള്ള നഷ്ടപരിഹാരത്തുകയിൽ 12ശതമാനം തുക കുറച്ച് വിതരണം ചെയ്യുന്നതിൽ പ്രതിഷേധമുണ്ട്

- കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL