
ആലപ്പുഴ : ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിനായി കിഫ് ബി സഹായത്തോടെ പ്രഖ്യാപിച്ച പദ്ധതിയിൽ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി 128 കോടി വകയിരുത്തി.ഗവ.ടി.ഡി ജെ.ബി എൽ.പി സ്‌കൂൾ മുതൽ വടക്ക് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷന് വടക്കുഭാഗം വരെയുള്ള റോഡിന്റെ വശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമാണ് പദ്ധതി തുക വിനിയോഗിക്കുക. വിരലിലെണ്ണാവുന്ന വീടുകൾ മാത്രമുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങളാണ് കൂടുതലായി ഒഴിപ്പിക്കേണ്ടി വരുന്നത്. റോഡിന് പടിഞ്ഞാറുവശത്തെ സ്ഥാപനങ്ങളാണ് ഇവയിൽ അധികവും. സ്കൂളുകൾ, എക്സൈസ് ഓഫീസ്, ജനറൽ ആശുപത്രി തുടങ്ങി സർക്കാർ സ്ഥാപനങ്ങളും ഇവയിൽ ഉൾപ്പെടും.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിലവിലെ റോഡ് വീതികൂട്ടി ഡിവൈഡർ സംവിധാനങ്ങളോടെ നാലുവരിയായി നവീകരിക്കാനാണ് പദ്ധതി.1.26ഏക്കർ സ്ഥലമാണ് വേണ്ടിവരുന്നത്. വിശദ പദ്ധതിരേഖ (ഡി.പി.ആർ) നിർമ്മാണ ചുമതലക്കാരായ കേരള റോഡ് വികസന ഫണ്ട് ബോർഡ് കിഫ്ബിയുടെ ഭരണാനുമതിക്ക് സമർപ്പിച്ചെങ്കിലും സാമ്പത്തിക പരാധീനത കാലതാമസത്തിന് ഇടയാക്കുമോ എന്ന ആശങ്കയുണ്ട്.
നഗരം അടിമുടി മാറും
#നിലവിലെ റോഡിന്റെ ഇരുവശവും ആറേകാൽ മീറ്റർ വീതം സ്ഥലം പുതുതായി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. റോഡിന്റെ മദ്ധ്യത്തിൽ ഡിവൈഡർ സ്ഥാപിക്കും
#ഡിവൈഡറിന്റെ ഇരുവശവും 7മീറ്റർ വീതിയിലാണ് റോഡ്. റോഡിന്റെ ഇരുവശവും 1.80മീറ്റർ വീതിയിൽ കാനയുൾപ്പെടെ നടപ്പാത
#എറണാകുളം, തിരുവനന്തപുരം, കളക്ടറേറ്റ്, ചന്ദനക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ബസ് ബേയും സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് സംവിധാനവും
# ടി.ഡി സ്‌കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കും
# റോഡ് വികസനത്തോടെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരമാകും
ബസ് ബേ, പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി. കിഫ്ബി അനുമതി ലഭിച്ചാൽ അന്തിമപദ്ധതി തയ്യാറാക്കി നിർമ്മാണം ആരംഭിക്കും
- ജയകുമാർ, എൻജിനീയർ, കേരള റോഡ് വികസന ഫണ്ട് ബോർഡ്
പദ്ധതി ചെലവ് : 138കോടി
ഏറ്റെടുക്കേണ്ടത് : 1.26ഏക്കർ
റോഡിന്റെ വീതി: 14മീറ്റർ
ഡിവൈഡർ: ഒരുമീറ്റർ
നടപ്പാത: 1.80മീറ്റർ വീതം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |