SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

തൂത്തുക്കുടി, മൂന്നാർ പാതകൾ: ദേശീയപാത പ്രവേശനത്തിൽ വ്യക്തതയില്ലാതെ സർക്കാർ

dines

ആലപ്പുഴ: ജില്ലയുടെ തെക്കൻ അതിർത്തിയെ അന്തർ സംസ്ഥാന യാത്രയുടെ ഇടനാഴിയായി മാറ്റാവുന്ന തൂത്തുക്കുടി, മൂന്നാർ പാതകളുടെ സർവേ നടപടികൾ പുരോഗമിക്കവേ,​ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല. നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാത 66ൽ നിന്ന് തൂത്തുക്കുടി- മാന്നാർ പാതകളിലേക്കുള്ള പ്രവേശന കവാടം എവിടെയെന്ന് ചോദിച്ചാൽ ദേശീയപാത അതോർട്ടിയും ജില്ലാഭരണകൂടവും മുഖത്തോട് മുഖം നോക്കും.

തൂത്തുക്കുടി, മൂന്നാർ പാതകളെ എൻ.എച്ച് 66 മായോ,​ തീരദേശഹൈവേയുമായോ ബന്ധിപ്പിക്കണമെങ്കിൽ ദേശീയപാതയോടുചേർന്ന് അത്തരമൊരു ജംഗ്ഷൻ വികസനം അനിവാര്യമാണ്.ഗതാഗതത്തിന് തടസമുണ്ടാകാത്തവിധം ദേശീയപാത മുറിച്ചുകടക്കാനുള്ള സംവിധാനവും കായംകുളത്ത് സജ്ജമാകണം. ദേശീയ പാത വികസനത്തിൽ പോലും അന്തിമ തീരുമാനമായിട്ടില്ലാത്ത സ്ഥിതിക്ക് രണ്ട് പ്രധാന റോഡുകളുടെ സംഗമം കൂടി കണക്കിലെടുത്തുവേണം പദ്ധതികൾ ആവിഷ്ക്കരിക്കാൻ.

കായംകുളം - പുനലൂർ പാതയെന്ന് നിലവിൽ അറിയപ്പെടുന്ന നിർദ്ദിഷ്ട തൂത്തുക്കുടി പാത കായംകുളം ബസ് സ്റ്റേഷൻ പരിസരത്താണ് നിലവിൽ ദേശീയപാതയുമായി സംഗമിക്കുന്നത്. മൂന്നാർ പാതയായി മാറുന്ന കായംകുളം - മാവേലിക്കര റോഡ് കായംകുളം പൊലീസ് സ്റ്റേഷന് സമീപത്താണ് പുനലൂർ പാതയുമായി ചേരുന്നത്. രണ്ട് റോ‌ഡുകളും ദേശീയപാതയുമായി ബന്ധിപ്പിക്കത്തക്കവിധം കായംകുളം നഗരത്തിൽ റോഡ് വികസനം സാദ്ധ്യമാക്കുകയെന്ന വെല്ലുവിളിയും പദ്ധതിക്കുണ്ട്. ആലപ്പുഴ, മാവേലിക്കര എം.പി മാരും എം.എൽ.എയും നഗരസഭാ ഭരണസമിതിയും ജില്ലാ ഭരണകൂടവും ഇടപെട്ടാൽ മാത്രമേ ദേശീയപാത 66ന് അന്തിമ രൂപമാകും മുമ്പ് ഇരുപാതകളുടെയും സംഗമസ്ഥാനമെന്ന നിലയിൽ കായംകുളം ജംഗ്ഷൻ വികസനം സാദ്ധ്യമാകൂ.

കാത്തിരിക്കുന്നത് വമ്പൻ സാദ്ധ്യതകൾ

1.തെക്കൻ കേരളത്തിൽ നിന്നുളള ചരക്ക് നീക്കവും യാത്രയും സുഗമമാക്കാൻ സഹായകമാകുന്ന വമ്പൻ പദ്ധതികളാണ് കായംകുളം- തൂത്തുക്കുടി, കായംകുളം മൂന്നാർ പാതകൾ. കായംകുളം ടെർമിനൽ, തീരദേശ ഹൈവേ, വലിയഴീക്കൽ ബീച്ച് , കായംകുളം ഹാർബർ, ആറാട്ടുപുഴ തീരദേശ ഗ്രാമം എന്നിവയെയും ഇതുമായി ബന്ധപ്പെടുത്താനാകും

2.രണ്ട് മഹാസമുദ്രങ്ങളെയും നിരവധി തുറമുഖപട്ടണങ്ങളെയും ബന്ധിപ്പിച്ചുള്ള തൂത്തുക്കുടി പാത കടൽ മാർഗമുള്ള ചരക്ക് നീക്കത്തിലും സമുദ്രോൽപ്പന്ന കയറ്റുമതിയിലും നിർണായകമാണ്

3.അറബിക്കടൽക്കരയായ കേരള തീരത്തുനിന്ന് ബംഗാൾ ഉൾക്കടൽ തീരത്തെ തൂത്തുക്കുടിയുമായി ബന്ധിപ്പിക്കപ്പെടുന്ന നിർദ്ദിഷ്ട പാത വാടി,തങ്കശേരി, ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ, തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറുകളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ്

4.സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ദേശീയപാതവികസനം പ്രയോജനപ്പെടും. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനൊപ്പം മലയോര മേഖലയിൽ നിന്ന് സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിക്കും ഉപകാരപ്പെടും

.........................................

കായംകുളം - തൂത്തുക്കുടി ദേശീയപാത 6 കിലോമീറ്റർ തീരദേശത്തേക്ക് ദീർഘിപ്പിച്ചാൽവലിയ വികസനം സാദ്ധ്യമാകും.ദേശീയപാത 66 നിർമ്മാണത്തിലെ കായംകുളത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുമാകും. ഇടപെടൽ ആവശ്യപ്പെട്ട് എം.പി മാർക്ക് നിവേദനങ്ങൾ നൽകും

- ദിനേശ് ചന്ദന, പ്രസിഡന്റ്, യുണൈറ്റഡ് പ്രവാസി അലയൻസ്

........................

തൂത്തുക്കുടി, മൂന്നാർ പാത വികസന പദ്ധതി കൂടി പരിഗണിച്ച് ദേശീയ പാത 66ന്റെ വികസനം സാദ്ധ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ ദേശീയ പാത അതോറിട്ടിയിലും കേന്ദ്രത്തിലും നടത്തിവരികയാണ്.

- കെ.സി വേണുഗോപാൽ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL