ആലപ്പുഴ : ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള സമാന്തര ബൈപ്പാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ആകെ വേണ്ട 372 ഗർഡറുകളിൽ മുന്നൂറെണ്ണം സ്ഥാപിച്ചു. ഇവയ്ക്ക് മുകളിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യാനും തുടങ്ങി. ബീച്ച് ഭാഗത്തെ തൂണുകൾക്ക് മുകളിലാണ് കോൺക്രീറ്റിംഗ് ജോലി പുരോഗമിക്കുന്നത്.
ചില ഭാഗങ്ങളിൽ ഗർഡറുകൾക്കിടയിലെ വിടവ് ഇരുമ്പ് ഷീറ്റ് കൊണ്ട് അടയ്ക്കുന്ന ജോലിയും നടക്കുന്നുണ്ട്. ഹൈ ഗ്രേഡ് കോൺക്രീറ്റാണ് സ്ലാബ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആകെ 95സ്പാനുകളാണ് പാലത്തിലുള്ളത്. മൂന്ന് സ്പാനുകൾ വീതമാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഇതിന് മുകളിൽ പ്ലാസ്റ്ററിംഗ് കൂടി നടത്തിയ ശേഷമാകും റോഡ് ടാർ ചെയ്യുക. കോൺക്രീറ്റിംഗ് പൂർത്തിയാക്കി ഒരു മാസത്തിന് ശേഷമേ പ്ലാസ്റ്ററിംഗ് ആരംഭിക്കൂ. ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടി ഭാഗത്തും, തെക്കേ അറ്റമായ കുതിരപ്പന്തി ഭാഗത്തും ഗർഡറുകൾ സ്ഥാപിച്ചിട്ടില്ല. 2023 ആഗസ്റ്റിലാണ് സമാന്തര ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. പഴയ ബൈപ്പാസ് നിർമ്മാണവുമായി താരതമ്യം ചെയ്യുമ്പാൾ ദ്രുതഗതിയിലാണ് പുതിയ ബൈപ്പാസിന്റെ നിർമ്മാണം. ബൈപ്പാസ് പാലത്തിൽ നിലവിൽ 12 മീറ്റർ വീതിയിൽ രണ്ട് വരിപ്പാതയാണുള്ളത്. സമാന്തര ബൈപ്പാസിൽ 14 മീറ്റർ വീതിയിൽ മൂന്ന് വരി പാതയുണ്ടാകും. ഇതോടെ ബൈപ്പാസ് ആകെ അഞ്ച് വരിപ്പാതയാകും.
റോഡിന് ശേഷം റാമ്പ്
1. പുതിയ ബൈപ്പാസിൽ നിന്ന് ബീച്ചിലേക്കിറങ്ങാൻ മൂന്ന് റാമ്പുകൾ നിർമ്മിക്കും
2. റോഡ് ടാറിംഗ് പൂർത്തിയായ ശേഷമാകും റാമ്പുകളുടെ നിർമ്മാണം ആരംഭിക്കുക
3. വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലാവും റാമ്പുകൾ
4. പഴയ ബൈപ്പാസിിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങാൻ സംവിധാനമില്ല
ബീച്ചിലേക്ക് വഴി തുറക്കും
ഇപ്പോഴത്തെ റോഡിൽ വാഹനങ്ങൾ നിർത്താൻ അനുമതിയില്ലാത്തതിനാൽ ബൈപ്പാസിൽ നിന്ന് യാത്രക്കാർക്ക് കടൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പുതിയ ബൈപ്പാസിൽ നിന്ന് നേരിട്ട് ബീച്ചിലേക്ക് വഴി തുറക്കുന്നതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.
സമാന്തര ബൈപാസ് വീതി
14മീ
ഗർഡറുകൾ
372
സമാന്തര ബൈപ്പാസ് നിർമ്മാണം 85 ശതമാനം പിന്നിട്ടു. റോഡ് ടാറിംഗ് ഉൾപ്പടെ പൂർത്തിയായ ശേഷം ബീച്ചിലേക്കുള്ള റാമ്പുകളുടെ നിർമ്മാണം ആരംഭിക്കും
- ദേശീയപാത വിഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |