
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ നിർമ്മാണം ആരംഭിച്ച അടിപ്പാതയ്ക്ക് വേണ്ടത്ര വീതിയില്ലാത്തതിനെതിരെ
ജനരോഷമുയരുന്നു. 12മീറ്റർ വീതിയിൽ നിർമ്മിക്കുന്ന അടിപ്പാത ഗതാഗതതടസമുണ്ടാക്കുകയും ആശുപത്രിയിലെത്തേണ്ട രോഗികൾക്കും സമീപത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. മെഡിക്കൽ കോളേജ് ആശുപത്രി, ഇതിനോട് ചേർന്നുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ദന്തൽ കോളേജ്, നഴ്സിംഗ് കോളേജ്, വൈറോളജി ലാബ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.
1500ഓളം കുട്ടികൾ പഠിക്കുന്ന എസ്.ഡി .വി യു.പി സ്കൂൾ ഉൾപ്പെടെ ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്. ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ആശുപത്രി ഉൾപ്പെടുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിക്കാതെയുള്ളതാണെന്നാണ് ആക്ഷേപം. ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണമെങ്കിൽ 105 മീറ്റർ നീളത്തിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യമുയരുന്നു. ഈ വിഷയം ഉയർത്തി അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയിട്ടില്ല.
ഉള്ളളവ് കുറവ്, വാഹനങ്ങൾ കുടുങ്ങും
12 മീറ്റർ ഉള്ളളവും 5.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് മെഡി.കോളേജ് ആശുപത്രി ജംഗ്ഷനിൽ രൂപകല്പന ചെയ്തിട്ടുള്ളത്
ആംബുലൻസുകൾക്ക് പുറമേ ഓക്സിജനുമായി വരുന്ന ക്യാപ്സൂൾ ടൈപ്പ് വാഹനങ്ങൾ, ബസുകൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകേണ്ടതുണ്ട്
ആശുപത്രിയിലേക്ക് വരുകയും പോവുകയും ചെയ്യുന്ന രോഗികളും സമീപത്തെ സ്കൂളുകളിലെ കുട്ടികളും ഉൾപ്പെടെ റോഡ് മറികടക്കേണ്ടതും ഇതുവഴി
എന്നാൽ, അടിപ്പാതയുടെ വീതിക്കുറവ് വലിയരീതിയിലുള്ള ഗതാഗതസ്തംഭനവും അപകടങ്ങളും ക്ഷണിച്ച് വരുത്തും
ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകൾക്ക് സുഗമമായി വന്നുപോകാനുള്ള സാഹചര്യവും ഇല്ലാതാക്കും
വീതികുറഞ്ഞ അടിപ്പാത നിർമ്മിക്കാനുള്ള നീക്കം അടിയന്തരമായി അവസാനിപ്പിച്ച് 105 മീറ്റർ നീളമുള്ള ഉയരപ്പാത നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ബഹുജന സമരം ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്
- കെ.എം.റഷീദ്, സമരസമിതി ജനറൽ കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |