
മാന്നാർ : ഒരേ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ പതിനെട്ട് സ്ത്രീകളും, കുട്ടികളും ചേർന്ന് ഒരുക്കുന്ന താളത്തിനൊപ്പം ഉയരുന്ന കാവടി ചിന്ത് പാട്ട് കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര സന്നിധിയെ ഇന്ന് വൈകിട്ട് ഭക്തിസാന്ദ്രമാക്കും. തെക്കൻ കേരളത്തിലെ ആദ്യത്തെ വനിതാ ചിന്ത് പാട്ട് സംഘമായ മാന്നാർ കുരട്ടിക്കാട് കലാത്മിക വനിതാ കാവടി ചിന്ത് പാട്ട് സമിതി ഇന്ന് വൈകിട്ട് 6.30 ന് ദീപാരാധനക്ക് ശേഷം പാട്ടമ്പലം ദേവീ സന്നിധിയിൽ അരങ്ങേറ്റം കുറിക്കും.
കലാത്മിക വനിതാ ചിന്ത് പാട്ട് സംഘത്തിന്റെ നേതൃനിരയിൽ ഗായികയായി കുരട്ടിക്കാട് ആതിരാ നിവാസിൽ ആതിര ഗോപകുമാറും സംഘവുമാണ് ഉള്ളത്. തൃശൂർ പർപ്പുക്കര സ്വദേശിയായ സുധീഷ് ബാബുവിന്റെ ശിക്ഷണത്തിൽ ഒരു മാസമായി നടത്തിയ കഠിന പരിശീലനത്തിന് ശേഷമാണ് കലാത്മിക വനിത കാവടി ചിന്ത് പാട്ട് സമിതി അരങ്ങേറ്റം കുറിക്കുന്നത്.
ക്ഷേത്ര ഉത്സവങ്ങൾക്കും, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിലുമാണ് കാവടി ചിന്ത് പാട്ട് അവതരിപ്പിക്കുന്നത്. പേരിന്റെ കൂടെ കാവടി ഉണ്ടെങ്കിലും പ്രധാനമായി മണ്ഡലകാലമാസങ്ങളിൽ അയ്യപ്പൻ വിളക്ക്, ദേശവിളക്ക് എന്നീ ഉത്സവങ്ങൾക്കിടയിലാണ് കൂടുതലും ഈ അനുഷ്ഠാന കല അവതരിപ്പിക്കുന്നത്. ശ്രീമുരുകന്റെ വാദ്യങ്ങളിൽ ഒന്നായിട്ടാണ് ഇത് അറിയപ്പെടുന്നത്. കാലടിയിലാണ് കാവടിചിന്ത് നിർമ്മിക്കുന്നത്. പ്‌ളാവിന്റെ നാരായ വേരുകൾ, കാതലായ തടി കഷണങ്ങൾ, കശുമാവിൻ തടി, അലറി തടി എന്നിവകൊണ്ടാണ് നിർമ്മാണം. എന്നാൽ ഇപ്പോൾ അലൂമിനിയത്തിലും മറ്റും കാവടിചിന്ത് നിർമ്മിച്ചു വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |