SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

ജനജീവിതം ദുസ്സഹം, കുംഭച്ചൂട് റെക്കാഡ് ഇടുമോയെന്ന് ആശങ്ക

ആലപ്പുഴ: കത്തുന്ന കുംഭച്ചൂടിൽ വെന്തുരുകി നാട്. പകൽചൂട് ചില ദിവസങ്ങളിൽ രണ്ട് മുതൽ മൂന്നു ഡിഗ്രിവരെ കൂടിയതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായി. കനത്ത ചൂടിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനജീവിതം ദുസഹമായി. 2020 ഫെബ്രുവരി 24ലെ റെക്കാഡ് ചൂടായ 38 ഡിഗ്രിയെ മറികടക്കും വിധമാണ് കഴിഞ്ഞ മാസം കടന്നുപോയത്. കഴിഞ്ഞ മാർച്ച് 30ന് അനുഭവപ്പെട്ട 38.3 ഡിഗ്രിയാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില. ഇങ്ങനെ പോയാൽ, ഇത്തവണ അത് ഭേദിക്കാനാണ് സാദ്ധ്യത. ഇന്നോ, നാളെയോ ഒറ്റപ്പെട്ടമഴ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അതേസമയം, കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ശുദ്ധജല വിതരണം ആരംഭിക്കാൻ കളക്ട്രേറ്റിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർ‌ദ്ദേശം നൽകിയിട്ടുണ്ട്. ദുരുപയോഗം ഒഴിവാക്കാൻ ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യാനാണ് നിർദേശം.

കിണറുകൾ വറ്റി, കൃഷി കരിഞ്ഞുണങ്ങി

1.കൊടുംചൂടിൽ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കൃഷി കരിഞ്ഞുണങ്ങി.കുലച്ച വാഴകളും പച്ചക്കറികളും നിലംപൊത്തി. കരകൃഷികളാകെ നശിച്ചു.

2.പുഞ്ചകൊയ്ത്ത് ആരംഭിച്ച കുട്ടനാട്ടിൽ പാടങ്ങൾ വറ്റി വരളുകയും വെളളം കയറ്റിയിറക്കാൻ മാർഗമില്ലാതാകുകയും ചെയ്തതോടെ കതിർക്കുടമായ നെല്ലുകൾ പാലുവറ്റി പതിരാകുന്ന നിലയിലെത്തി

3.കോൺക്രീറ്റിനും കെട്ടിനും തേപ്പിനും ആവശ്യമായ വെള്ളം കിട്ടാതായതോടെ പല സ്ഥലങ്ങളിലും നിർമ്മാണം നിലച്ചു. ദേശീയ പാത നവീകരണത്തിലെ പൊടിയും ചൂടും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്

4. കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെയും വളർത്തുപക്ഷികളെയും ചൂട് ബാധിച്ചിട്ടുണ്ട്. പുല്ല് കരിഞ്ഞുണങ്ങിയത് ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കി. പലകുളങ്ങളും ജലാശയങ്ങളും വറ്റി വരണ്ടത് ഇവയെ കുളിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാക്കി

....................

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂട് കൂടി വരികയാണ്. രണ്ട് ദിവസം പകൽച്ചൂട് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ദിവസത്തിനകം മഴയ്ക്ക് സാദ്ധ്യത കാണുന്നുണ്ട്. മഴയ്ക്ക് ശേഷമേ ചൂടിന്റെ തോത് അൽപ്പമെങ്കിലും കുറയാൻ ഇടയുള്ളൂ.

- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം

...........................

രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നുവരെ കൊടുംചൂടിൽപ്പെടാതെ സുരക്ഷിതരായി ഇരിക്കുക. നന്നായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായുസഞ്ചാരമുള്ള വേഷം ധരിക്കുക. മുന്നറിയിപ്പുകൾ പാലിക്കുക

- ഡോ.ജയചന്ദ്രൻ, ആരോഗ്യ വിദഗ്ദ്ധൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL