SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

ഭയാനകമായ ശബ്ദം, കാഴ്ചമറച്ച് പൊടിപടലം

ആലപ്പുഴ : 'ഭൂമി കുലുങ്ങുകയാണെന്നാണ് ആദ്യം തോന്നിയത്. വീട്ടിനുളളിലെ കസേരയുൾപ്പെടെ വിറച്ചു. പിന്നാലെ ഭയാനകമായ ശബ്ദം. പുറത്തേക്ക് നോക്കുമ്പോൾ നിർമ്മാണം നടക്കുന്ന ബൈപ്പാസിന്റെ ഭാഗത്ത് കാഴ്ചമറച്ച് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ. അപകടം പതിവായ ബൈപ്പാസിൽ നിന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നിലംപതിച്ചതാകാമെന്ന് ആദ്യം കരുതി. തെല്ല് നേരം കഴിഞ്ഞാണ് സംഭവിച്ചതെന്തെന്ന് മനസിലായത് '- സമീപവാസിയായ സീവ്യൂ വാർഡിൽ തൈപ്പറമ്പിൽ ജൂഡി പറഞ്ഞു.

ആഴ്ചകളായി തലയ്ക്ക് മീതെ ഉയർന്നുനിന്ന പുതിയ ബൈപ്പാസിന്റെ നാല് ഗർഡറുകൾ കൂട്ടത്തോടെ നിലംപൊത്തിയതാണെന്ന് തിരിച്ചറിഞ്ഞ് മകൻ ജൂബിയ്ക്കൊപ്പം അവിടേക്ക് പാഞ്ഞു. പിന്നാലെ അയൽക്കാരും വഴിയാത്രക്കാരുമായി നിമിഷങ്ങൾക്കകം സംഭവസ്ഥലം ജന നിബിഡമായി. കാഞ്ഞിരംചിറ റെയിൽവേ ഗേറ്റിനും വിജയ് പാർക്കിനും ഇടയിലുള്ള ബൈപാസ് ഭാഗത്തേക്ക് പൊലീസും ഫയർഫോഴ്സും മാദ്ധ്യമങ്ങളുമുൾപ്പെടെ പാഞ്ഞെത്തി.

ഗർ‌ഡറുകൾക്കടിയിൽ ആളുകളകപ്പെട്ടിട്ടുണ്ടാകാമെന്ന ടെൻഷനിലായിരുന്നു എല്ലാവരും. സദാസമയവും വാഹനങ്ങൾ പാർക്ക് ചെയ്യുകയും ആളുകൾ വിശ്രമിക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു അത്. തൊഴിലാളികൾ താമസിക്കുന്ന സമീപത്തെ ഷെഡും അതിനുള്ളിൽ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണവുമെല്ലാം ചിന്നിച്ചിതറിയെങ്കിലും സംഭവ സമയത്ത് ഷെഡിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

സമീപവാസികളായ സീവ്യൂവിൽ മെൽവിന്റെ വീടിന്റെ പോർച്ചിന്റെ ഭിത്തിയ്ക്കും അയൽവാസിയായ ടോമിഫ്രാൻസിന്റെ മതിലിനും നാശനഷ്ടമുണ്ടായി. ബൈപ്പാസ് ഗർഡറുകൾ തകർന്ന വിവരമറിഞ്ഞ് വാർഡ് കൗൺസിലർ റീഗോ രാജു, കെ.പി.സി.സി സെക്രട്ടറി എ.എ.ഷുക്കൂ‌ർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. നിർമ്മാണത്തിന് ദേശീയപാത അതോറിട്ടിയുടെ മതിയായ മേൽനോട്ടമോ നാട്ടുകാരുടെ പരാതികൾക്ക് പരിഹാരമോ ഉണ്ടാകാറില്ലെന്ന ആക്ഷേപവും ഉയർന്നു.

തകർന്നുവീണ ഗർഡറുകളിൽ നിന്ന് പുറത്തേക്ക് തള്ളി നിന്ന കമ്പികളുടെ കനവും വലിപ്പവും ചിതറിത്തെറിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങളിലെ സിമന്റിന്റെ കുറവുമുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത ആക്ഷേപങ്ങളാണ് അപകടസ്ഥലത്തുയർന്ന് കേട്ടത്. ബലപരിശോധന യഥാവിധം പൂർത്തിയാക്കാതെയാണ് ഗർറുകൾ പില്ലറുകൾക്ക് മീതെ സ്ഥാപിക്കുന്നതെന്നുംനാട്ടുകാർ പരാതിഉന്നയിച്ചു.

അപകടമുണ്ടായ ഉടൻ സ്ഥലത്തെത്തിയ നിർമ്മാണകമ്പനി ഉദ്യോഗസ്ഥർ തകർന്ന ഗർഡറുകൾ ഉയർത്തി മാറ്രാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും സമ്മതിച്ചില്ല. തുടർന്ന് എൻ.എച്ച്.എ അധികൃതരെത്തി പരിശോധനകൾ പൂർത്തിയാക്കിയശേഷം വൈകുന്നേരത്തോടെയാണ് ഗർഡറുകൾ ഉയർത്തിയത്.

ഗർഡറുകളുടെയും പില്ലറിന്റെയും

നമ്പരുകളിൽ വ്യത്യാസം

1. ഗർഡറുകളുടെ നിർമ്മാണപ്പിഴവും ബലക്ഷയവുമുൾപ്പെടെ അപകടത്തിന് കാരണങ്ങളായി നാട്ടുകാരും പൊതുപ്രവർത്തകരും ഉന്നയിച്ചു

2. കനം കുറഞ്ഞ കമ്പികളാണ് 90 ടണ്ണോളം ഭാരമുള്ള ഗർഡറിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചതെന്നായിരുന്നു പ്രധാന ആക്ഷേപം

3. ഓരോ പില്ളറിനും മീതെ സ്ഥാപിക്കേണ്ട ഗർഡറുകൾക്ക് പില്ലറുകളുടെ നമ്പരുമായി ബന്ധപ്പെടുത്തിയാണ് നമ്പരിടുന്നത്

4. അപകടസ്ഥലമായ 17,18 നമ്പരിലുള്ള പില്ലറുകൾക്ക് മീതെയുള്ള ഗർഡറുകളിൽ കാണപ്പെട്ട പില്ലർ നമ്പർ 21,22 എന്നാണ്

5. 21,22 പില്ലറുകൾക്ക് മീതെ സ്ഥാപിക്കേണ്ട ഗർഡറുകൾ വളവുള്ള ഭാഗത്ത് സ്ഥാനം മാറി സ്ഥാപിച്ചതും അപാകതയായി സംശയിക്കുന്നു

6. ദേശീയപാത അതോറിട്ടിയുടെയും പൊലീസിന്റെയും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL